എസ് ഡി പി ഐയേയും പി എഫ് ഐയേയും പോലെ ലീഗ് വർഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം; എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ സി പി ഐയിൽ അതൃപ്തി

Sunday 11 December 2022 11:55 AM IST

കോഴിക്കോട്: മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം. എസ് ഡി പി ഐയേയും പോപ്പുലർ ഫ്രണ്ടിനെയും പോലെ വർഗീയ പാർട്ടിയായി ലീഗിനെ കാണാനാകില്ലെന്നും, അവരെ മുന്നണിയിൽ എടുക്കുന്നുവെന്ന ചർച്ചകൾ അപക്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ലീഗിനെ പുകഴ്ത്തിയ പ്രസ്താവനയ്‌ക്കെതിരെ സി പി ഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. യു ഡി എഫിലെ ഒരു കക്ഷിയെ പുകഴ്‌ത്തേണ്ട കാര്യമില്ലായിരുന്നുവെന്നും അനാവശ്യ ചർച്ചകളാണ് നടക്കുന്നതെന്നുമാണ് സി പി ഐയുടെ നിലപാട്.

ലീഗ് വർഗീയപ്പാർട്ടിയല്ലെന്നും ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണെന്നുമായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്. സപ്തകക്ഷി മുന്നണിയുടെ കാലത്ത് ലീഗിനൊപ്പം ചേർന്നിട്ടുണ്ടെന്നും വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ ആരോടും യോജിക്കാമെന്നും എന്നാൽ അത് രാഷ്ട്രീയ കൂട്ടുകെട്ടല്ലെന്നും അദ്ദേഹം പറഞ്ഞതാണ് വിവാദമായത്.