ശബരിമല : ഇന്നത്തെ ബുക്കിംഗ് 1,07,260; തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ

Monday 12 December 2022 12:29 AM IST

പത്തനംതിട്ട : ശബരിമലയിൽ ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 തീർത്ഥാടകർ. ഈ സീസണിലെ ഏറ്റവും ഉയർന്ന ബുക്കിംഗാണിത്. ഇത് രണ്ടാംതവണയാണ് ഈ സീസണിൽ ഒരു ലക്ഷത്തിന് മുകളിൽ ബുക്കിംഗ് വരുന്നത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി പ്രത്യേക ബ്ളോക്കുകളായി തിരിച്ച് ഘട്ടംഘട്ടമായേ കടത്തിവിടുകയുള്ളൂ. ഇതിനായി ഓരോ പോയിന്റുകളിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്‌പെഷ്യൽ ഓഫീസർ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. പൊലീസിന് പുറമെ ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കും.

നാളത്തേക്ക് 77,216 പേരും 14ന് 64,617 പേരുമാണ് ദർശനത്തിനായി ഓൺലൈനിൽ ഇന്നലെ വരെ ബുക്ക് ചെയ്തിരിക്കുന്നത്.