'അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല' മന്ത്രി നടത്തിയ പരാമർശത്തിന് പ്രതികരണവുമായി ഇന്ദ്രൻസ് രംഗത്ത്
തിരുവനന്തപുരം: നിയമസഭയിൽ മന്ത്രി വി എൻ വാസവൻ നടത്തിയ പരാമർശത്തിന് പ്രതികരണവുമായി നടൻ ഇന്ദ്രൻസ് രംഗത്ത്. പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് നടൻ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.
' ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്കു ബോധ്യം ഉണ്ടെന്നും' അദ്ദേഹം പറഞ്ഞു.
പണ്ട് അമിതാഭ് ബച്ചന്റെ ഉയരത്തോളം ഉണ്ടായിരുന്ന കോൺഗ്രസ് ഇന്ന് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിൽ എത്തിയിരിക്കുന്നു എന്ന പരാമർശമാണ് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ നടത്തിയത്. വി എൻ വാസവൻ നടത്തിയത് ബോഡി ഷെയിംമിംഗ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടുകയും തുടർന്ന് അത് മന്ത്രിസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.