ജീവൻ തിരിച്ചു നൽകിയ ദൈവദൂതനെ കണ്ട് ബെക്സ്

Tuesday 13 December 2022 12:00 AM IST

കൊച്ചി: തൂക്കുകയറിൽ നിന്ന് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയതിന് നേരിൽ കണ്ട് നന്ദി പറയാനെത്തിയ ബെക്‌സ് കൃഷ്ണനെ ചേർത്തു പിടിച്ച്

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു,​ ഞാൻ ദൈവം നിയോഗിച്ചൊരു ദൂതൻ മാത്രം... കേരളവിഷൻ 15-ാംവാർഷികാഘോഷച്ചടങ്ങായിരുന്നു വേദി.

2012 സെപ്തംബറിൽ അബുദാബിയിലുണ്ടായ അപകടത്തിൽ സുഡാൻ വംശജനായ കുട്ടി തൃശൂർ പുത്തൻചിറ സ്വദേശി ബെക്സ് കൃഷ്ണൻ ഓടിച്ച കാറിടിച്ച് മരിച്ചു. കേസിൽ ബെക്‌സിനെ യു.എ.ഇ സുപ്രീംകോടതി വധശിക്ഷയ്ക്ക് വിധിച്ചു.

അമ്മയും ഭാര്യയും മക്കളുമടങ്ങിയ ബെക്സ് കൃഷ്ണന്റെ നിർദ്ധന കുടുംബത്തെ രക്ഷിക്കാൻ എം.എ. യൂസഫലി മുൻകൈയെടുത്തു. മരിച്ച കൂട്ടിയുടെ കുടുംബത്തിന് നിരന്തര പരിശ്രമത്തിനൊടുവിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് വധശിക്ഷയിൽ നിന്ന് മോചിപ്പിച്ചത്. ബെക്‌സിനെ കഴിഞ്ഞവർഷം നാട്ടിൽ എത്തിക്കും വരെ യൂസഫലിയുടെ ഇടപെടലുണ്ടായിരുന്നു.

ബെസ്‌ക് കുടുംബ സമേതമാണ് ഇന്നലെ യൂസഫലിക്ക് മുന്നിലെത്തിയത്. ജാതിയും മതവും ഒന്നുമല്ല മനുഷ്യസ്‌നേഹമാണ് ഏറ്റവും വലുതെന്നും താൻ അതിലെ ഒരു നിമിത്തം മാത്രമാണെന്നും യൂസഫലി പറഞ്ഞു. ബെക്‌സിന്റെ ഭാര്യ വീണ, മക്കളായ അദ്വൈത്, ഈശ്വര്യ എന്നിവരോടും അദ്ദേഹം കുശലാന്വേഷണം നടത്തി.

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നിർദ്ധന കുടുംബങ്ങളിലെ ശിശുക്കൾക്കുള്ള കേരളവിഷന്റെ സമ്മാനം എന്റെ കൺമണിക്ക് ഒരു ഫസ്റ്റ് ഗിഫ്ഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ചടങ്ങിൽ എം.എ. യൂസഫലി നിർവഹിച്ചു. പദ്ധതിയിൽ താനും പങ്കാളിയാകുന്നെന്നും പക്ഷേ തുക ഈ വേദിയിൽ പ്രഖാപിച്ച് കൈയടിനേടാനില്ലെന്നും യൂസഫലി പറഞ്ഞു. കേരളവിഷൻ എം.ഡി രാജ്‌മോഹൻ മാമ്പ്ര, സി.ഒ.എ പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ്, ജനറൽ സെക്രട്ടറി കെ.വി. രാജൻ, കെ.സി.സി.എൽ ചെയർമാൻ കെ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.