കോടതി ഉത്തരവുണ്ടായിട്ടും കണ്ണടച്ച് പൊലീസ് ദേശീയപാതയോരം മുഴുവൻ കൈയ്യേറ്റം

Wednesday 14 December 2022 12:41 AM IST

വടക്കഞ്ചേരി: ദേശീയപാതയ്ക്ക് അരികിലെ ചെറുതും വലുതുമായ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തയ്യാറാവാതെ പൊലീസ്. വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയ്ക്ക് അരികിലും സർവീസ് റോഡും പാതയോരങ്ങളും കൈയ്യേറി കടകൾ സ്ഥാപിച്ചതിനാൽ വാഹനയാത്രക്കാരുടെ കാഴ്ച മറക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നത് പതിവാണ്. ഇതോടെയാണ് കൈയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യം ശക്തമായത്. ഈ ആവശ്യം ഉന്നയിച്ച് പന്നിയങ്കര ടോൾ പ്ലാസ ഇൻസിഡന്റ് മേനേജർ വടക്കഞ്ചേരി, പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല.

ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ, ഷീറ്റ് മേഞ്ഞ താത്കാലിക കടകൾ, മതിലുകൾ, ബാനറുകൾ, പരസ്യബോർഡുകൾ എന്നിവ നീക്കം ചെയ്യാൻ പൊലീസ് താൽപര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 10നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് അനധികൃത നിർമ്മാണം നീക്കം ചെയ്യാൻ ദേശീയപാത അതോറിറ്റി കരാർ കമ്പനിക്ക് നിർദ്ദേശവും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കരാർ കമ്പനി സ്ഥാപന ഉടമകൾക്ക് നോട്ടീസും നൽകി. പക്ഷേ ആരും ഒഴിഞ്ഞുപോകാൻ തയാറായിട്ടില്ല. ഇതോടെയാണു പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

ഒഴിപ്പിക്കാൻ നടപടിയില്ല

പന്തലാംപാടം സ്‌കൂളിനു മുന്നിൽ സർവീസ് റോഡിൽ സ്ഥാപിച്ച കട നീക്കണമെന്നാവശ്യപ്പെട്ടു സ്‌കൂൾ പി.ടി.എ കമ്മിറ്റി നൽകിയ പരാതിയിൽ കട നീക്കം ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി വില്ലേജ് അധികൃതരും പൊലീസും സാവകാശം കടയുടമ ആവശ്യപ്പെട്ടു. തുടർന്നു രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ കട മാറ്റാതെ ഇട്ടിരിക്കുകയാണ്. പൊലീസിനു കട മാറ്റേണ്ടെന്ന നിർദ്ദേശവും നേതാക്കൾ നൽകി. ഇതോടെ കടയ്ക്കു മുൻപിൽ വാഹനങ്ങൾ ഇടുന്നതും വർദ്ധിച്ചു. സ്‌കൂൾ കുട്ടികൾ അടക്കമുള്ളവർക്കു ബസ് കയറാനും പ്രയാസമായി. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയില്ല. സർവീസ് റോഡ് നിർമ്മാണവും പലയിടത്തും നടന്നിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.

Advertisement
Advertisement