എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ 12 പേർക്ക് മെട്രോയിൽ സ്ഥിരംജോലി

Wednesday 14 December 2022 3:15 AM IST

തൃക്കാക്കര: സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത 12 പേർക്ക് കൊച്ചി മെട്രോയിൽ സ്ഥിരംനിയമനം ലഭിച്ചു. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ മെയിന്റൈനർ തസ്തികയിലാണിത്. സാങ്കേതിക വിഭാഗമായതിനാൽ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇവർക്ക് ജോലി ചെയ്യാം.

ഐ.ടി.ഐ യോഗ്യതയുള്ള നാല് സ്ത്രീകളും എട്ട് പുരുഷന്മാർക്കുമാണ് നിയമനം. പരീക്ഷയുടേയും അഭിമുഖത്തിന്റെയും ആരോഗ്യ പരിശോധനയുടേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 30 വയസിൽ താഴെയുള്ളവരാണിവർ. മെട്രോ ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്ററിൽ നടന്ന ചടങ്ങിൽ എച്ച്.ആർ വിഭാഗം പ്രോജക്ട്സ് ആൻഡ് ഇൻ-ചാർജ് ഡയറക്ടർ ഡോ.രാം നവാസ് നിയമന ഉത്തരവ് കൈമാറി.

ജനറൽ മാനേജർ മിനി ചബ്ര (എച്ച്.ആർ), മാനേജർ എസ്.രതീഷ്, ജനറൽ മാനേജർ മണി വെങ്കട്ടകുമാർ, ഓപ്പറേഷൻസ് ജനറൽ മാനേജർ തലോജു സായി കൃഷ്ണ, ജില്ലാ എംപ്ലോയ്മെന്റ് വൊക്കേഷണൽ ഗൈഡൻസ് വിഭാഗം ഓഫീസർ വി.ഐ.കബീർ തുടങ്ങിവർ പങ്കെടുത്തു.