വില വ‌ർദ്ധിച്ചു: വളം വില്പന കുറഞ്ഞു

Wednesday 14 December 2022 3:29 AM IST

കൊച്ചി: കർഷകരെ പ്രതിസന്ധിയിലാക്കിയ രാസവള വിലവർദ്ധന കച്ചവർക്കാർക്കും തിരിച്ചടിയായി. കർഷകർ വളങ്ങൾ വാങ്ങുന്നത് കുറച്ചതാണ് കാരണം. ആറുമാസം മുമ്പാണ് വളങ്ങൾക്ക് വിലവർദ്ധന ആരംഭിച്ചത്. യുക്രെയിൻ യുദ്ധമടക്കം വിലവർദ്ധനയ്ക്ക് കാരണമായി.

മുമ്പ് 10 ചാക്ക് പൊട്ടാഷ് വാങ്ങിയവർ ഇപ്പോൾ ഒരു ചാക്കിലേക്ക് ഒതുങ്ങിയതായി വ്യാപാരികൾ പറയുന്നു. വളപ്രയോഗത്തിന്റെ സമയത്ത് പോലും പഴയപോലെ വളം എടുക്കാത്ത അവസ്ഥയാണ്. കപ്പ, വാഴ, പച്ചക്കറി, നെല്ല് തുടങ്ങിയ കൃഷികളുടെ സമയമാണിത്. ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങി എല്ലാ വളങ്ങൾക്കം വില ഉയർന്നു.

പൊട്ടാഷിന് വില വർദ്ധിക്കുന്നത് കൂട്ടുവളങ്ങളുടെ വിലയെയും ബാധിക്കും. വില കുറഞ്ഞ പുതിയ നാനോ യൂറിയ വളങ്ങളുടെ ശാസ്ത്രീയമായ പ്രയോഗത്തെക്കുറിച്ച് കർഷകർക്ക് അറിവു കുറവായതിനാൽ വ്യാപകമായി ഉപയോഗിക്കുന്നുമില്ല. ബോട്ടിൽ രൂപത്തിൽ ലഭിക്കുന്ന നാനോ വളങ്ങൾ ഇലകളിലേക്ക് നേരിട്ട് തളിയ്ക്കുകയാണ്. ബോട്ടിലിന് 240 രൂപയാണ് വില.

പച്ചക്കറി, വാഴ, കപ്പ കൃഷികൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന എല്ലുപൊടിക്കും വേപ്പിൻ പിണ്ണാക്കിനും വരെ വില വർദ്ധിച്ചു. കൂട്ടുവളങ്ങൾക്കും ജൈവവളങ്ങൾക്കും വില കൂടുകയാണ്. വള പ്രയോഗത്തെ ആശ്രയിച്ചാണ് വാഴ, കപ്പ, നെല്ല്, പച്ചക്കറി എന്നിവയുടെ ഉത്പാദനം. അതിനാൽ ഉയർന്ന വിലയിലും നഷ്ടം സഹിച്ച് കർഷകർ വളപ്രയോഗം നടത്തേണ്ട അവസ്ഥയിലാണ്.

വളങ്ങളുടെ വില

 ഫാക്ടംഫോസ് : ₹1,600 (50 കിലോ)

 പൊട്ടാഷ് : ₹1,700

 മിക്‌സഡ് വളം : ₹1,260

 അഗ്രോമീൽ : ₹1,800

 ഡി.എ.പി : ₹1,350

 സി.എ.എൻ : ₹1,700 (25 കിലോ)

''വളങ്ങളുടെ വില്പന കുറഞ്ഞതോടെ ഇറക്കുമതിയും കുറഞ്ഞു. മുമ്പ് 48 ലക്ഷം ടൺ പൊട്ടാഷ്യം ഇറക്കിയ സ്ഥാനത്ത് ഈവർഷം 21 ലക്ഷം ടൺ മാത്രമാണ് ഇറക്കിയത് ""

എം.ബി.സഞ്ജീവ്,​

വളം മൊത്ത വ്യാപാരി