പീമാദേവി ജന്മമണ്ണിലെത്തി; 48 വർഷങ്ങൾക്ക് ശേഷം

Wednesday 14 December 2022 3:08 AM IST

മട്ടാഞ്ചേരി: ബസാറിലെ ജീർണ്ണിച്ച് നിലംപൊത്താറായ പാണ്ടികശാലയിൽ കഴിഞ്ഞ 11 വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചിരുന്ന നേപ്പാളുകാരി പീമാദേവി നീണ്ട 48 വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെത്തി. ഭർത്താവിനൊപ്പം 48 വർഷം മുമ്പാണ് പീമാദേവി കൊച്ചിയിലെത്തിയത്.

ഭർത്താവ് ദുനിറാമിന്റെ മരണശേഷവും ഇവർ കൊച്ചിയിൽ തുടരുകയായിരുന്നു. പ്രായം 80 പിന്നിട്ടു. വയോധികയും അസുഖബാധിതയുമായ ഇവരുടെ വലിയ ആഗ്രഹമായിരുന്നു നാട്ടിലേക്ക് മടങ്ങണമെന്നത്. ആ സ്വപ്നം ഇന്നലെ യാഥാർഥ്യമായി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് പീമാദേവി ഇന്ത്യൻ അതിർത്തി കടന്നത്. ഇതിന് മുൻകൈയെടുത്ത് നേപ്പാളിലേക്ക് ഒപ്പംചെന്നത് സാമൂഹിക പ്രവർത്തകനായ മുകേഷ് ജെയിനും ഭാര്യ ഭാവന ജെയിനുമാണ്.

ജന്മനാടായ നേപ്പാളിലെ സിരികോട്ട് ഗ്രാമത്തിൽ നിന്ന് പീമാദേവിയുടെ സഹോദരൻ രവിലാൽ, ഇയാളുടെ മകൻ കൃഷ്ണ ബഹദൂർ ഉൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘമെത്തി. ഇവർ പീമാദേവിയെയും മുകേഷിനെയും ഭാര്യയെയും ഭാവനയേയും മാലയിട്ട് സ്വീകരിച്ചു. തുടർന്ന് പീമാദേവിയെ ബന്ധുക്കളെ ഏൽപ്പിച്ച് മുകേഷ് ജെയിനും ഭാവനയും കൊച്ചിയിലേക്ക് മടങ്ങി.

തിങ്കളാഴ്ച രാവിലെ ഏഴിനാണ് തേവരയിലെ ഓൾഡേജ് ഹോമിൽ നിന്ന് പീമാദേവിയുമായി മുകേഷും ഭാവനയും നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് യാത്രതിരിച്ചത്. ലക്നൗവിൽ വിമാനമിറങ്ങിയ ഇവർ അന്ന് അവിടെ തങ്ങിയശേഷം ഇന്നലെ രാവിലെ റോഡ് മാർഗമാണ് നേപ്പാളിലേക്ക് പോയത്.

Advertisement
Advertisement