വന്ധ്യത പ്രചാരണം ചികിത്സ; സർവേ ആരംഭിച്ചു

Wednesday 14 December 2022 12:10 AM IST

പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വന്ധ്യത പ്രചാരണം ചികിത്സ സംബന്ധിച്ച് സർവേ ആരംഭിച്ചു. വന്ധ്യതയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങൾ, ദമ്പതികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ മനസിലാക്കുകയാണ് സർവേയുടെ ലക്ഷ്യം.
പൊതുസ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന വന്ധ്യതാ ക്ലിനിക്കുകളുടെ ലിസ്റ്റ് തയ്യാറാക്കുക, വന്ധ്യത ക്ലിനിക്കുകളിലെ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും വ്യാപ്തി മനസിലാക്കുക, ക്ലിനിക്കുകളിൽ നിന്നും ദമ്പതികൾക്ക് കിട്ടുന്ന സേവനം എത്രമാത്രം സ്വീകാര്യമാണെന്നും ചെലവേറിയതാണെന്നും കണ്ടെത്തുക, വന്ധ്യതയിലെ ലിംഗ അസമത്വം, വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക ഭദ്രത എന്നിവ വിലയിരുത്തുക, വന്ധ്യത അനുഭവിക്കുന്ന ദമ്പതികൾ അഭിമുഖീകരിക്കുന്ന ശാരീരിക മാനസിക സാമൂഹിക പ്രശ്നങ്ങൾ മനസിലാക്കുക, വന്ധ്യതയ്ക്ക് കാരണമാകുന്ന വിവിധ അവസ്ഥകളെക്കുറിച്ച് മനസിലാക്കുക എന്നിവയാണ് പ്രധാന ഉദ്ദേശ്യങ്ങൾ. ഇതിനുപുറമെ കുടുംബങ്ങളിൽ വന്ധ്യതാ ചികിത്സയിലൂടെ കടന്നുപോയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

64 യൂണിറ്റുകളിൽ സർവേ ആരംഭിച്ചു
സംസ്ഥാനത്ത് തെരഞ്ഞെടുത്തിട്ടുള്ള 800 യൂണിറ്റുകളിൽ ഡിസംബർ ഒന്നിന് സാമ്പിൾ സർവേ ആരംഭിച്ചു. ജില്ലയിൽ 64 യൂണിറ്റു(വാർഡ്)കളിലാണ് സർവേ ആരംഭിച്ചത്. സർവേയുടെ ഒന്നാം ഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലിനിക്കുകളുടെ വിവരവും പഠനത്തിനാധാരമായ ദമ്പതികളെ കണ്ടെത്തുന്നതിന് സാമ്പിൾ യൂണിറ്റുകളിലെ മുഴുവൻ വീടുകളുടെയും പട്ടിക തയ്യാറാക്കുന്നു. രണ്ടാം ഘട്ടത്തിൽ തയ്യാറാക്കിയിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ക്ലിനിക്കുകൾ, ദമ്പതികൾ എന്നിവരിൽ നിന്നും വിശദമായ വിവരശേഖരണം നടത്തും. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ ഫീൽഡ്തല ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. രണ്ടാംഘട്ട വിവരശേഖരണത്തിൽ ആശവർക്കർമാരും പങ്കെടുക്കുമെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Advertisement
Advertisement