ശബരിമല പാതയിലെ ഗതാഗതക്കുരുക്ക്: റോഡിൽ കുടുങ്ങി സ്കൂൾ കുട്ടികൾ

Wednesday 14 December 2022 12:17 AM IST

പത്തനംതിട്ട : ശബരിമലപാതയിലെ തിരക്ക് കാരണം സ്കൂളിലേക്ക് പോകാനാകാതെയും തിരികെ വീട്ടിലെത്താൻ കഴിയാതെയും വഴിയിൽ കുടുങ്ങി അട്ടത്തോട്ടിലെ വിദ്യാർത്ഥികൾ. തിങ്കളാഴ്ച രാവിലെ കിസുമം ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് പരീക്ഷയ്ക്കായി പുറപ്പെട്ട വിദ്യാർത്ഥികൾ അട്ടത്തോട്ടിൽ മണിക്കൂറുകൾ കാത്തുനിന്നെങ്കിലും സ്കൂൾ ബസ് എത്തിയില്ല. ഒടുവിൽ വിദ്യാർത്ഥികളുടെ ദുരിതം മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ ജീപ്പിൽ കുട്ടികളെ സ്കൂളിലെത്തിച്ചു. വൈകിട്ട് 3ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ വിദ്യാർത്ഥികൾ വീണ്ടും പ്രതിസന്ധിയിലായി. ആൺകുട്ടികളിൽ ചിലർ നടക്കാൻ തീരുമാനിച്ചപ്പോൾ പെൺകുട്ടികളും ഒപ്പംകൂടി. എന്നാൽ തുലാപ്പള്ളിയായപ്പോൾ എല്ലാവരും ക്ഷീണിച്ചു. അവിടെ സഹപാഠിയുടെ അച്ഛന്റെ ഓട്ടോറിക്ഷ എത്തിയത് കുറച്ചുപേർക്ക് ആശ്വാസമായെങ്കിലും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് യാത്ര ദുരിതമാക്കി. കുട്ടികൾ അട്ടത്തോട്ടിലെത്തിയപ്പോൾ രാത്രി ഏഴ് കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഒന്നര കിലോമീറ്റർ നടന്നുവേണം വീട്ടിലെത്താൻ. ഇത് ഒരു ദിവസത്തെ മാത്രം യാത്രയല്ല. ഇന്നലേയും ഇതേ അവസ്ഥയായിരുന്നു. ചെറിയ ക്ലാസിലെ കുട്ടികൾ ഇന്നലെ സ്കൂളിലെത്തിയില്ല. രണ്ടുദിവസമായി പതിനഞ്ച് കിലോമീറ്ററിലധികം ദൂരം നടന്നാണ് പല വിദ്യാർത്ഥികളും സ്കൂളിലേക്കും തിരികെ വീട്ടിലേക്കും എത്തുന്നത്. കാടിന് നടുവിലൂടെയുള്ള പാത കടന്ന് വേണം ഇവർക്ക് സ്കൂളിലെത്താൻ. ഇന്ന് മുതൽ യു.പി , ഹൈസ്കൂൾ കുട്ടികൾക്ക് പരീക്ഷ തുടങ്ങും. ഇലവുങ്കൽ മുതൽ നിലയ്ക്കൽ വരെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ്. കനത്ത മഴ പെയ്യുന്നതും ദുരിതം ഇരട്ടിപ്പിക്കുന്നു.

പഠനം തുലാസിൽ

അട്ടത്തോട് ആദിവാസി കോളനിയിലെയും പരിസര പ്രദേശത്തെയും നാൽപ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ പതിനെട്ട് പേർ ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ്.

മണ്ഡലകാലത്തെല്ലാം ഈ ബുദ്ധിമുട്ട് കുട്ടികൾക്കുണ്ട്. ഇത്തവണ വലിയ രീതിയിലുള്ള തിരക്കാണ് ശബരിമലയിലുള്ളത്. അതുകൊണ്ട് തന്നെ തിരക്ക് കൂടിയാൽ നാലും അഞ്ചും മണിക്കൂറുകൾ ഗതാഗതം മുടങ്ങും.

അസുഖം വന്നാൽ പെട്ടുപോകും

220 വീടുകളുണ്ട് അട്ടത്തോട്. ഇതിൽ 190 വീടുകളോളം ആദിവാസി വിഭാഗത്തിൽപ്പെടുന്നവയാണ്. വനത്തിലും മറ്റും താമസിക്കുന്നവർ വേറെയുണ്ട്. രോഗം വന്ന് വയ്യാതായാൽ പെരുനാട്, പത്തനംതിട്ട ആശുപത്രികളിലാണ് എത്തേണ്ടത്. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപെട്ടാൽ മാത്രമേ ആശുപത്രിയിലാത്താൻ കഴിയു.

അട്ടത്തോട് സ്കൂൾ തുറന്നിട്ട് രണ്ട് ദിവസം

പത്തനംതിട്ട : അട്ടത്തോട് ഗവ.ട്രൈബൽ എൽ.പി സ്കൂളിൽ കുട്ടികൾ എത്താത്തതിനാൽ രണ്ടുദിവസമായി ക്ലാസില്ല. പമ്പ റൂട്ടിലെ തിരക്കും കുരുക്കും കാരണം ബസ് ഓടിക്കാൻ സ്കൂളിനു കഴിയുന്നില്ല. പ്രീ പ്രൈമറി മുതൽ നാലാംക്ലാസ് വരെ 52 കുട്ടികളാണ് സ്കൂളിലുള്ളത്. ഇതിൽ 27 പേരും വനമേഖലയിൽ നിന്നുള്ളവരാണ്. കുട്ടികളെ എല്ലാവരെയും ബസിലാണ് എത്തിക്കേണ്ടത്. ട്രൈബൽ മേഖലയിലെ ഏക പ്രൈമറി വിദ്യാലയമാണിത്.

സ്കൂളിൽ എത്താൻ നടക്കണം : 15 കി.മീ

ബസ് ഓടിക്കാൻ ശ്രമിച്ചെങ്കിലും തിരക്ക് കാരണം കഴിഞ്ഞില്ല. ഇന്നു മുതൽ ബദൽ ക്രമീകരണം ഏർപ്പെടുത്തി കുട്ടികളെ സ്കൂളിലെത്തിക്കും.

ബിജു തോമസ്, ഹെഡ്മാസ്റ്റർ ,
അട്ടത്തോട് ഗവ.ട്രൈബൽ എൽ.പി സ്കൂൾ

" കിസുമം സ്കൂളിലെ കുട്ടികൾക്ക് പരീക്ഷയ്ക്കെത്താൻ അട്ടത്തോട്ടിൽ രാത്രിയിൽ തന്നെ ബസ് പാർക്ക് ചെയ്യും. രാവിലെ ശബരിമലയിലേക്കുള്ള വാഹനങ്ങളുടെ തിരക്ക് കുറയുമ്പോൾ കുട്ടികളെ സ്കൂളിലെത്തിക്കും. തിരക്ക് കുറയുന്ന സമയം നോക്കി കുട്ടികളെ തിരികെ വീട്ടിൽ എത്തിക്കും"

ഹെഡ്മാസ്റ്റർ,

കിസുമം ഹയർസെക്കൻഡറി സ്കൂൾ

Advertisement
Advertisement