കുടിവെള്ള പ്രശ്നത്തെ ചൊല്ലി നഗരസഭാ കൗൺസിലിൽ ബഹളം

Wednesday 14 December 2022 12:20 AM IST

ചെർപ്പുളശ്ശേരി: ഇന്നലെ ചേർന്ന ചെർപ്പുളശ്ശേരി നഗരസഭ കൗൺസിൽ യോഗത്തിൽ പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിയെ ചൊല്ലിയും കുടിവെള്ള പ്രശ്നത്തെയും ചൊല്ലിയും ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളം. കച്ചേരിക്കുന്ന് മാണ്ടക്കരിയിൽ കുഴൽക്കിണറുകൾ കുഴിച്ചിട്ടും വെള്ളം ലഭിക്കാത്തതിനാൽ ഏറെ പ്രയാസമാണ് ജനങ്ങൾ നേരിടുന്നത്. എത്രയും വേഗം ഈ പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് വാർഡ് കൗൺസിലർ സുഹറാബി ആവശ്യപ്പെട്ടു. വെള്ളമില്ലാത്തിടത്താണ് പലപ്പോഴും കുഴൽ കിണർ കുഴിക്കുന്നതെന്നും അതുകൊണ്ടാണ് വെള്ളം ലഭിക്കാത്തതെന്നും ഇത് ഭരണപക്ഷത്തിന്റെ പേരായ്മയാണെന്നും പ്രതിപക്ഷം ആരോപിച്ചതോടെ ഇരുകൂട്ടരും തമ്മിൽവാക്കേറ്റമായി.

പി.എം.എ.വൈ ഭവന പദ്ധതിയുമായ ബന്ധപ്പെട്ട അജൻഡ ചർച്ച ചെയ്യുന്നതിനിടെയും ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. പല വാർഡുകളിലും അർഹതപ്പെട്ടവർക്ക് ഇനിയും വീട് ലഭിക്കുന്നില്ല എന്ന ആരോപണവും ഉയർന്നു. നഗരത്തിലെ വഴിയോര കച്ചവടം മൂലം വ്യാപാരികൾ ബുദ്ധിമുട്ടുന്നതിനാൽ ഗവ.ആശുപതി മുതൽ പുത്തനാൽക്കാവ് ക്ഷേത്രംവരെ അനധികൃത കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. നഗരസഭ അംഗീകരിച്ച കച്ചവടക്കാർ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നണ്ടോ എന്ന് പരിശോധിച്ച് അത്തരം കച്ചവടക്കാർക്ക് ചെർപ്പുളശ്ശേരിയുടെ മറ്റു സ്ഥലങ്ങളിൽ കച്ചവടം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്താനും നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾ, മാലിന്യ സംസ്‌കരണ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് വേണ്ട നടപടികൾ എടുക്കാനും യോഗത്തിൽ തീരുമാനിച്ചു.

നഗരസഭ ചെയർമാൻ പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി, വൈസ് ചെയർപേഴ്സൺ സഫ്ന പാറക്കൽ, വി.പി.ഷമീജ്, പി.വിഷ്ണു, വി.വിനോദ്, വി.ടി.സാദിഖ് ഹുസൈൻ, കെ.എം.ഇസ്ഹാഖ്, ഇ.ഷാനവാസ് ബാബു, ശ്രീലജ വാഴക്കുന്നത്ത് എന്നിവർ പങ്കെടുത്തു.