ആരുതീർക്കും, ഈ ആ'ശങ്ക'കൾ ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യമില്ലാതെ നഗരം

Wednesday 14 December 2022 12:37 AM IST
മുതലക്കുളത്തെ ഇ ടോയ്‌ലറ്റ്

കോഴിക്കോട്: നഗരത്തിലെ ടോയ്ല‌റ്റുകളുടെ കാര്യത്തിൽ അധികാരികൾ നൽകിയ ഉറപ്പുകൾ കാറ്റിൽ പറത്തുമ്പോൾ വലയുന്നത് വിവിധ ആവശ്യങ്ങൾക്കായി നഗത്തിലെത്തുന്നവർ. മൂത്രശങ്ക തീർക്കാൻ ഒരിടമില്ല എന്നതാണ് പ്രശ്നം. മൂത്രശങ്കയുമായി പലരും നെട്ടോട്ടമോടുമ്പോൾ തൊട്ടടുത്തുള്ള ഹോട്ടലുകളും പള്ളികളുമാണ് അവർക്ക് ആശ്വാസമാകുന്നത്.

മുമ്പ് ഇതേ അവസ്ഥ വന്നപ്പോഴായിരുന്നു നഗരസഭ ജനങ്ങൾക്ക് ആശ്വാസമായി മോഡുലർ ടോയ്ലറ്റ് എന്ന പുതിയ പ്രോജക്‌ടുമായി വന്നത്. എന്നാൽ അതും വിജയകരമായില്ല. പരീക്ഷണാടിസ്ഥാനത്തിൽ രണ്ടെണ്ണം സ്ഥാപിച്ചെങ്കിലും മെറ്റീരിയൽ മോശമാണന്നുള്ള എൻജിനിയർ റിപ്പോർട്ട് പ്രകാരം പദ്ധതി വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ് ജയശ്രീ പറയുന്നു. 81 ലക്ഷം ചെലവുള്ള പദ്ധതിയായിരുന്നു അത്. പ്രവർത്തനം സുഖകരമല്ലെന്ന റിപ്പോർട്ട് കിട്ടിയതോടെ ലക്ഷങ്ങൾ ചെലവഴിച്ചുള്ള പദ്ധതി ഉപേക്ഷിച്ചു.

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീതൊഴിലാളികളുടെ വിപ്ലവകരമായ സമരത്തിന്റെ ഫലമായാണ് കോഴിക്കോട് നഗരത്തിൽ ഇ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്. നഗരത്തിലെ തിരക്കേറിയ പതിനഞ്ചിടങ്ങളിലാണ് ടോയ്‌ലറ്റുകളുള്ളത്. ഇറാം സൈന്റഫിക് സൊലൂഷനായിരുന്നു കരാർ. എന്നാൽ ഈ ടോയ്‌ലറ്റുകൾ ഒന്നും തന്നെ ഇപ്പോൾ ഉപയോഗ യോഗ്യമല്ല.ഇ-ടോയ്‌ലറ്റുകൾ വെറും ഷോ പീസുകളായി മാറിയിട്ട് കാലം കുറെ കഴിഞ്ഞു. പി.എം താജ് റോഡിലെ സുലഭ് ടോയ്‌ലറ്റ് കോംപ്ലക്‌സാണ് മാനാഞ്ചിറയ്ക്ക് സമീപമുള്ള ഏക പൊതു ശൗചാലയം, മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലും പാളയത്തും മാത്രമാണ് നഗരത്തിലെ മറ്റ് പൊതു ശൗചാലയങ്ങളുള്ളത്. ഇവയാണ് യാത്രക്കാരും കടകളിൽ ജോലി ചെയ്യുന്നവരും ഉപയോഗിക്കുന്നത്. മാനാഞ്ചിറ സ്‌ക്വയറിൽ നിർമിച്ച ടോയ്‌ലറ്റ് കോംപ്ലക്‌സ് ഇനിയും തുറക്കാനുണ്ട്.

നഗരത്തിലെ സ്ത്രീകളടക്കമുള്ളവർ ടോയ്‌ലറ്ര് ഇല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ മനസിലാക്കുന്നൂ.പുതിയ പ്രോജക്‌ടുകളുടെ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.ഉടനടി പരിഹാരം കാണും.

ഡോ.എസ് ജയശ്രീ

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ