ഗഡ്കരി നാളെ പ്രഖ്യാപിക്കും;1.52 ലക്ഷം കോടിക്ക് റോഡ് വികസനം

Wednesday 14 December 2022 4:58 AM IST

കൊച്ചിയിൽ ലോജിസ്റ്റിക് പാർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എൻ.എച്ച് -66 ആറുവരിയാക്കുന്നതിനൊപ്പം പുതിയ അഞ്ച് ബൈപ്പാസുകളുടെ നിർമ്മാണവും ഉടൻ ആരംഭിക്കും. നിർദ്ദിഷ്ട വിഴിഞ്ഞം -പാരിപ്പള്ളി ഔട്ടർ റിംഗ് റോഡിനു പുറമെയാണ് ദേശീയ പാത അതോറിട്ടി ഭാരത്‌മാല പദ്ധതി പ്രകാരം ഇവ നിർമ്മിക്കുന്നത്. മൊത്തം 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.

ചരക്ക് നീക്കത്തിന് കൊച്ചിയിൽ ലോജിസ്റ്റിക് പാർക്ക് നിർമ്മിക്കും. രാജ്യത്താകെ 25 ലോജിസ്റ്റിക് പാർക്കുകളാണ് വികസിപ്പിക്കുക.

നാളെ തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി പുതിയ പദ്ധതികൾ പ്രഖ്യാപിക്കും. 11 റോഡുകളുടെ വികസനം ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.റോഡ് വികസനം വിലയിരുത്താൻ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ പ്രദേശിക സമിതികളും മുഖ്യമന്ത്രി ചെയർമാനായി സംസ്ഥാന സമിതിയും രൂപീകരിച്ചിട്ടുണ്ട്.

66000 കാേടി

എൻ.എച്ച് 66ന് മാത്രം

86,000 കോടി

മറ്റു റോഡുകൾക്ക്

5 പദ്ധതികൾ

1. കടമ്പാട്ടുകോണം- ചെങ്കോട്ട ഹരിത പാത (സ്ഥലമെടുപ്പ് വിജ്ഞാപനം ഇറങ്ങി)

2. തിരുവനന്തപുരം- അങ്കമാലി ബൈപ്പാസ്

3. പാലക്കാട് - കോഴിക്കോട് ബൈപ്പാസ്

4. മലപ്പുറം- മൈസൂ‌ർ ഹരിതപാത

5.കൊച്ചി -തൂത്തുക്കുടി അതിവേഗ പാത

മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക്

# ഹൈവേ, റെയിൽവേ, ജലപാതകൾ ഇവിടെ സംയോജിപ്പിക്കും

# കണ്ടെയ്‌നർ, കാർഗോ ടെർമിനലുകൾ, വെയർഹൗസുകൾ, കോൾഡ് സ്റ്റോറേജ്, കസ്റ്റംസ് ക്ലിയറൻസ്, ടെസ്റ്റിംഗ് കേന്ദ്രങ്ങൾ, വെയർഹൗസിംഗ് മാനേജ്‌മെന്റ് സേവനങ്ങൾ ഒരു കുടക്കീഴിൽ