വീണ്ടും മുൻകൂർ ജാമ്യഹർജിയുമായി പിഎൻബി മാനേജർ; പിടികൂടാനാകാതെ ക്രൈംബ്രാഞ്ച്

Wednesday 14 December 2022 12:09 AM IST

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെയുള്ള അക്കൗണ്ടുകളിൽ തിരിമറി നടത്തിയ കേസിലെ പ്രതി ബാങ്ക് സീനിയർ മാനേജരായിരുന്ന എം.പി. റിജിലിനെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും മുൻകൂർ ജാമ്യഹർജിയുമായി റിജിൽ കോടതിയിൽ.

പ്രിൻസിപ്പൽ ജില്ലാസെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ എട്ടിന് റിജിലിന്റെ ആദ്യ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതേ കോടതിയിൽ തന്നെയാണ് വീണ്ടും അപേക്ഷ നൽകിയത്. വലിയ തട്ടിപ്പാണ് നടന്നതെന്നും പ്രതിയ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. സാഹചര്യം മാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് അഡ്വ. എം.അശോകൻ മുഖേന റിജിൽ വീണ്ടും ജാമ്യഹർജി നൽകിയത്. പഞ്ചാബ് നാഷണൽ ബാങ്കിലെ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷം കൈമാറിയതിന്റെയും ഈ തുക പിന്നീട് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും വ്യക്തമാക്കുന്ന രേഖകളാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നത്. എന്നാൽ 21.29 കോടിയുടെ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തട്ടിപ്പ് നടന്ന ലിങ്ക് റോഡ് ശാഖയിൽ നിന്ന് എരഞ്ഞിപ്പാലം ശാഖയിലേക്ക് താൻ മാറിയപ്പോഴാണ് ക്രമക്കേട് നടന്നതെന്ന വാദം ആവർത്തിച്ചാണ് ജാമ്യഹർ‌ജി. അതേസമയം, ലുക്കൗട്ട് സർക്കുലർ ഉൾപ്പെടെ ഇറക്കിയെങ്കിലും 29 മുതൽ ഒളിവിൽ പോയ റിജിലിനെ പിടികൂടാൻ ക്രൈംബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല.

ആകെ നടന്ന 21.29 കോടിയുടെ തിരിമറി നടത്തിയ റിജിൽ 12.68 കോടി രൂപ കൈക്കലാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിൽ 12.6 കോടിയും കോർപ്പറേഷന്റേതാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണം മുന്നോട്ട് നീങ്ങണമെങ്കിൽ റിജിലിനെ കണ്ടെത്തേണ്ടതുണ്ട്.

കോർപ്പറേഷന്റെ പണം എന്ന് കിട്ടും

കോർപ്പറേഷന് പി.എൻ.ബി തിരിച്ചു നൽകാമെന്ന് വ്യക്തമാക്കിയ 10.7 കോടി രൂപ എന്ന് നൽകുമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. തുക നൽകുന്നത് സംബന്ധിച്ച് ഈ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

യു.ഡി.എഫ് കൗൺസിലർമാരുടെ ജാമ്യഹർജിയിൽ വിധി ഇന്ന്

കോഴിക്കോട് : കോർപ്പറേഷൻ അക്കൗണ്ടിലെ പണം നഷ്ടമായുതമായി ബന്ധപ്പെട്ട് മേയർ ഭവനിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തെതുടർന്ന് വെള്ളയിൽ പൊലീസെടുത്ത കേസിൽ ഏഴ് യു.ഡി.എഫ് കൗൺസിലർമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധിപറയം. മേയർ ഭവനിൽ ആക്രമിച്ച് കയറിയെന്നും സെക്രട്ടറിയുടെ കൃത്യനിർവഹണം തടഞ്ഞുവെന്നുമാണ് കേസ്. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എസ്.കൃഷ്ണകുമാറാണ് കേസ് പരിഗണിച്ചത്.