'മാൻഡസ് ' പെയ്തിറങ്ങി, വിറങ്ങലിച്ച് നെൽകർഷകർ

Wednesday 14 December 2022 12:12 AM IST
തകർന്ന പ്രതീക്ഷകൾ.....ജൈവ കർഷകനായ വെങ്കിടേഷ് മഴയിൽ നശിച്ച കൊയ്തിട്ട് നെൽപ്പാടത്ത്

തിരുനെല്ലി: നെല്ലുകൾ കൊയ്തിട്ട പാടത്ത് 'മാൻഡസ് ' പെയ്തിറങ്ങിയപ്പോൾ വിറങ്ങലിച്ചുപോയത് കർഷകന്റെ സ്വപ്നങ്ങൾ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് (സൈക്ലോൺ മൻഡസ്) വയനാട്ടിൽ പെയ്ത കനത്ത മഴയാണ് നെൽകർഷകരെ കണ്ണീരിലാഴ്ത്തിയത്. കൊയ്തിട്ട നെല്ലുകൾ മുഴുവൻ വെളളത്തിലായി. മുളച്ചുപൊന്തുന്ന നെല്ലുകൾ നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വാകേരി വെങ്കിടേശി (47)ന്റെ പാടത്ത് മഴയിൽ കുതിരാത്ത ഒരുമണി നെല്ലുപോലു മില്ല. കൃഷിയോട് വല്ലാത്ത ഇഷ്ടം തോന്നിയപ്പോൾ അദ്ധ്യാപക ജോലി കളഞ്ഞ് പാടത്തേക്ക് ഇറങ്ങിയതാണ് പാരമ്പര്യ ജൈവകർഷകനായ വെങ്കിടേശ്. പിതാവ് എ.വി.നഞ്ചുചെട്ടി തിരുനെല്ലിയിലെ അറിയപ്പെടുന്ന ജൈവ കർഷകനാണ്. ആ പാരമ്പര്യവഴിയിൽ മകൻ വെങ്കിടേശും എത്തുകയായിരുന്നു. എട്ട് ഏക്കർ പാടത്ത് ആറ് ഏക്കറയിലാണ് വെങ്കിടേശ് കൃഷിയിറക്കിയത്. എല്ലാം മഴ കൊണ്ടുപോയി. ഗന്ധകശാല, മുളളൻചണ്ണ (കയമ), നവര, മരത്തൊണ്ടി തുടങ്ങിയ പാരമ്പര്യ നെൽവിത്തുകളായിരുന്നു കൃഷിയിറക്കിയത്. പതിനഞ്ചോളം സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ചാണ് വെങ്കിടേശ് നെല്ലുകൾ കൊയ്തത്. കൊയ്തിട്ട അന്നു തന്നെ ശക്തമായ മഴ പെയ്തതോടെ നെല്ലുകൾ പൂർണമായും വെള്ളിലാവുകയായിരുന്നു.

ഓർക്കാപ്പുറത്തെ മഴയിൽ നെല്ല് മാത്രമല്ല വയനാട്ടിലെ കാർഷിക വിളകളെല്ലാം നശിച്ചു. വിളവെടുപ്പിന് പാകമായ കാപ്പി പറിക്കാൻ തുടങ്ങിയപ്പോഴാണ് മഴ പെയ്തത്. അതോടെ പറിച്ച കാപ്പി ഉണക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി വിളയുന്നത് വയനാട്ടിലാണ്. കാലാവസ്ഥയിലെ വ്യതിയാനം കാരണം ഇത്തവണ ജില്ലയിൽ വിള പകുതി കണ്ട് കുറഞ്ഞിരുന്നു. അതിനിടെയാണ് ഇരുട്ടടിയായി മഴയും.

കർഷകർ നെല്ല് കൊയ്തതിനാൽ ഇൻഷ്വറൻസ് പരിധിയിൽ വരില്ലെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തൽ. കൊയ്യാത്ത നെല്ല് വെള്ളത്തിലായാൽ എന്തെങ്കിലും നഷ്‌ട പരിഹാരം കിട്ടിയാലായി. അതിനും കടമ്പകളേറെയുണ്ട്. തരിശു പാടങ്ങളിൽ നെൽകൃഷി ചെയ്യാൻ പ്രേരിപ്പിച്ച കൃഷി വകുപ്പാണ് കർഷകർക്ക് നെൽകൃഷിയിലൂ‌ടെ നഷ്ടം സംഭവിച്ചപ്പോൾ കൈ മലർത്തുന്നത്.

'കൊയ്ത് മൂന്നാം ദിവസമാണ് പാടത്ത് നിന്ന് നെല്ല് വാരാറ്. ചെറിയൊരു ഉണക്കം വേണം. പാടത്ത് നിന്ന് വാരിക്കൊണ്ടുവരുന്ന നെല്ലുകൾ കളത്തിൽ മെതിയിടണം. മഴ കാരണം ഒന്നിനും പറ്റിയില്ല. പാടം പുഴ പോലെയായി. ചെറിയൊരു നനവ് കിട്ടിയാൽ മുളക്കുന്ന നെല്ലിനമാണ് മരത്തൊണ്ടി. ചെറിയൊരു വെയിൽ വന്നാൽ മെതിയന്ത്രത്തിൽ ഇട്ടാൽ തന്നെ പുല്ല് പൊടിഞ്ഞ് പോകും. അവിടെയും ഉണ്ടാകുന്നത് വൻ നഷ്ടം'. വെങ്കിടേശ്, നെൽകർഷകർ, തിരുനെല്ലി.