ശബരിമല അവലോകന യോഗം, നിയന്ത്രണ സംവിധാനങ്ങൾ ക്രമീകരിക്കും

Wednesday 14 December 2022 12:12 AM IST
നി​ലയ്ക്കലി​ൽ പമ്പയി​ലേക്കുള്ള ബസി​ൽ കയറുന്ന ശബരി​മല തീർത്ഥാടകർ

ശബരിമല : തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധനൽകി മുമ്പോട്ട് പോകാൻ ശബരിമല എ.ഡി.എം പി.വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയിൽ സന്നിധാനത്ത് ചേർന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തിൽ തീരുമാനമായി. നിലവിൽ ക്യൂ മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്.
അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആവശ്യമായ ഗതാഗത, പാർക്കിംഗ് ക്രമീകരണങ്ങൾ, കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തും.
അവശ്യഘട്ടങ്ങളിൽ കൂടുതൽ സന്നദ്ധപ്രവർത്തകരെ വിന്യസിക്കുന്നതിനും നടപടികൾ സ്വീകരിക്കും. ഭക്തർക്ക് സുരക്ഷയും സുഖദർശനവും ഒരുക്കുന്ന രീതിയിലാകും നിയന്ത്രണങ്ങൾ ക്രമീകരിക്കുക. ക്യൂവിൽ നിൽക്കുന്ന അയ്യപ്പഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കും. ദർശനം കഴിഞ്ഞ് ഭക്തർ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്തും. തിരക്ക് അഭൂതപൂർവ്വമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പമ്പയിലും നിലയ്ക്കലിലും നിയന്ത്രണമേർപ്പെടുത്തി ഘട്ടംഘട്ടമായി മാത്രം സന്നിധാനത്തേക്ക് കടത്തിവിടണമെന്നും യോഗത്തിൽ തീരുമാനമായി.
ശബരിമല സ്‌പെഷ്യൽ ഓഫീസർ കെ.എസ്.സുദർശൻ, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, ആർ.എ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ജി.വിജയൻ, അസി.സ്‌പെഷ്യൽ ഓഫീസർ ആർ.ശ്രീകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement