ചുട്ടിപ്പാറയിലെ അയ്യപ്പശില്പം: രൂപരേഖ പ്രകാശനം ഇന്ന്
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറയിൽ നിർമ്മിക്കുന്ന ലോകത്തിലെ എറ്റവും വലിയ അയ്യപ്പശില്പത്തിന്റെ രൂപരേഖ ഇന്ന് പ്രകാശനം ചെയ്യും. ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരിയും വാസ്തുശാസ്ത്ര വിദഗ്ദ്ധനുമായ ഡോ.രമേശ് ശർമ്മയുടെ മോക്ഷഗിരി മഠത്തിൽ ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് രൂപരേഖ പ്രകാശനം ചെയ്യുന്നത്. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
ശബരിമല ധർമ്മ ശാസ്താവിന്റെ വിഗ്രഹ മാതൃകയിൽ 133 അടി ഉയരത്തിലാണ് ശില്പം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 25 കോടി ചെലവാകുമെന്നാണ് കണക്കാക്കുന്നത്. നാലര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. അയ്യപ്പചരിതം ഉൾപ്പെടുന്ന മ്യൂസിയം,പന്തളം കൊട്ടാരത്തിന്റെ മാതൃക,പൂങ്കാവനത്തിന്റെയും പമ്പ,അഴുത നദികളുടെയും വിവരണങ്ങൾ,വാവര് സ്വാമിയുടെ പ്രതിമ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ശബരിമല തീർത്ഥാടകർക്ക് പുണ്യ കാഴ്ചയായി മാറുന്ന അയ്യപ്പ ശിൽപത്തിന്റെ നിർമ്മാണത്തെക്കുറിച്ചുളള വാർത്ത കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം ആഴിമലയിൽ കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ നിർമ്മിച്ച ദേവദത്തനാണ് പ്രധാന ശിൽപി.