നിലയ്ക്കലിലെ പാർക്കിംഗ് പ്രതിസന്ധി 1000 വാഹനങ്ങൾക്കു കൂടി സൗകര്യമൊരുക്കുന്നു

Wednesday 14 December 2022 4:34 AM IST

പത്തനംതിട്ട: ശബരിമലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് നിയന്ത്രണാതീതമായി തുടരുന്നതിനാൽ വാഹന പാർക്കിംഗ് പ്രതിസന്ധിയിലായ നിലയ്ക്കലിൽ കൂടുതൽ സൗകര്യമൊരുക്കാൻ ഗ്രൗണ്ടുകളുടെ വിസ്തൃതി കൂട്ടുന്നു. 18 പാർക്കിംഗ് ഗ്രൗണ്ടുകളിലായി ആയിരം വാഹനങ്ങൾക്ക് കൂടി പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. നിലവിൽ പാർക്ക് ചെയ്യാവുന്നത് ഒരു സമയം എണ്ണായിരം വാഹനങ്ങൾക്ക്.

അതേസമയം, മഴ പെയ്താൽ പുതയുന്ന മണ്ണും വശങ്ങളിൽ വൻ താഴ്ചയുമായതിനാൽ പാർക്കിംഗ് ഗ്രൗണ്ടുകൾ ഇതിലപ്പുറം വിസ്തൃതി കൂട്ടാനാകില്ലെന്ന് മരാമത്ത് വിഭാഗം പറയുന്നു. ടാപ്പിംഗ് പൂർത്തിയായ റബർ മരങ്ങൾ വെട്ടിമാറ്റിയാണ് ഇൗ വർഷം പാർക്കിംഗ് സൗകര്യം വർദ്ധിപ്പിച്ചത്.

മണ്ഡലപൂജ നടക്കുന്ന 27നും മകരവിളക്ക് തീർത്ഥാടന കാലത്തും വലിയ വാഹനത്തിരക്ക് ഉണ്ടായാൽ പാർക്കിംഗ് ക്രമീകരണം വെല്ലുവിളിയാകും. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ഭക്തർ എത്തിയപ്പോൾ പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ വഴിയിൽ കുടങ്ങിയിരുന്നു. ളാഹയിൽ നിന്ന് പമ്പയിലേക്കുള്ള വാഹനങ്ങൾ നാല് മണിക്കൂറിലേറെ വഴിയിൽ കിടന്നു. കോട്ടയത്ത് നിന്ന് എത്തിയ വാഹനങ്ങൾ തുലാപ്പള്ളിയിലും കുടുങ്ങി.

 പമ്പയിൽ അനുവദിക്കില്ല

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പമ്പയിലെ ഹിൽടോപ്പിൽ വാഹന പാർക്കിംഗ് പൂർണമായി ഒഴിവാക്കി. അടിയന്തര ആവശ്യങ്ങൾക്കായി പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. മുൻ വർഷങ്ങളിൽ പാർക്കിംഗ് അനുവദിച്ചിരുന്ന ചക്കുപാലത്തും ത്രിവേണിക്ക് സമീപവും പ്രളയമണൽ കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്.

നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞാൽ വാഹനങ്ങൾ തത്കാലം നിയന്ത്രിച്ച് നിറുത്തുന്നത് പത്തനംതിട്ട ഇടത്താവളത്തിലാണ്. ഇവിടെ 150 വലിയ ബസുകൾക്ക് പാർക്ക് ചെയ്യാം. തിരക്ക് കുറയുന്ന മുറയ്ക്ക് നിലയ്ക്കലിലേക്ക് കടത്തി വിടും.

നിലയ്ക്കലിൽ

18

പാർക്കിംഗ് ഗ്രൗണ്ടുകൾ

8000

പാർക്ക് ചെയ്യാവുന്ന വാഹനങ്ങൾ

  • ഇന്നലെ ദർശനത്തിന് ബുക്ക് ചെയ്തവർ 89,966
  • ദർശനം നടത്തിയത് 70,478 (വൈകിട്ട് ഏഴ് വരെ)