ആൺ- പെൺകുട്ടികളെ ഒന്നിച്ചിരുത്തുന്നത് സ്വവർഗരതിയെന്ന് ലീഗ് നേതാവ്

Wednesday 14 December 2022 12:00 AM IST

കണ്ണൂർ: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ വിവാദ പ്രസ്താവനയുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ അബ്ദുറഹിമാൻ രണ്ടത്താണി. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്നാണ് രണ്ടത്താണി പറഞ്ഞത്.

കണ്ണൂരിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ പ്രസംഗം. 'വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ വലിയ വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടല്ല. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവർഗ രതിയും. അതല്ലേ ഹരം. കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകുമാ നാടിന്റെ സംസ്‌കാരം? ഇവർക്കാവശ്യം എന്താണ്? ധാർമ്മികമായ, വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്. സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,' എന്നും പ്രസംഗത്തിൽ അബ്ദുറഹിമാൻ പറഞ്ഞു.

വികലമായ രീതിയിലേക്ക് പാഠ്യപദ്ധതി പരിഷ്‌കാരം കൊണ്ടുപോകുന്നതിനെയാണ് എതിർത്തതെന്ന് പിന്നീട് രണ്ടത്താണി പ്രസംഗത്തെ ന്യായീകരിച്ചു. കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങൾ സംരക്ഷിക്കണം. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതല്ല. സ്‌കൂളിലെ സമയം മാറ്റം മദ്രസ വിദ്യാഭ്യാസത്തെ പോലും ബാധിക്കും. പുതിയ പദ്ധതികൾ കൊണ്ടുവന്നാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരേണ്ടതെന്നും രണ്ടത്താണി പറഞ്ഞു.