തെറ്റിക്കാനുള്ള സി.പി.എം ശ്രമം ബൂമറാങായി: സതീശൻ

Wednesday 14 December 2022 12:00 AM IST

തിരുവനന്തപുരം: കോൺഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ലീഗിനെക്കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായത്തെ തിരുത്തിപ്പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിപ്പോൾ സി.പി.എമ്മിന് തന്നെ ബൂമറാങായി. പടയൊരുക്കം ഇടതുപാളയത്തിലാണെന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ നിന്നും വ്യക്തമായിരിക്കുകയാണ്. അത് പരിഹരിക്കാൻ ഉഭയകക്ഷി ചർച്ചകൾ നടത്തേണ്ട അവസ്ഥയിലാണ് സി.പി.എം.

യു.ഡി.എഫിലെ എല്ലാ കക്ഷികളും ചേർന്ന് കൂടിയാലോചന നടത്തിയാണ് ചാൻസലർ നിയമനം സംബന്ധിച്ച ബദൽ നിർദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചത്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമതിയിലുണ്ടായ നിർദ്ദേശം യു.ഡി.എഫ് നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് ഘടകകക്ഷികളുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചാണ് നിയമസഭയിൽ അവതരിപ്പിച്ചത്. യു.ഡി.എഫ് നിയമസഭയിൽ ഒറ്റ അഭിപ്രായമാണ് പറഞ്ഞത്.