എയ്‌ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം : വിധിക്ക് സ്റ്റേ ഇല്ല

Wednesday 14 December 2022 12:00 AM IST

കൊച്ചി: എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാതെ 2018 നവംബർ 18നു ശേഷം നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.

ഈ സാമ്പത്തികവർഷം തീരുമ്പോൾ 4,700 പുതിയ ഒഴിവുകൾ വരും. അതിൽ ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട നിയമനം നൽകാം. എന്നാലും ഒഴിവുകൾ ബാക്കിയുണ്ടാവും. അവയിലേക്ക് ഇതുവരെയുള്ള മറ്റു നിയമനങ്ങൾ പരിഗണിച്ച് അംഗീകാരം നൽകാൻ വിധി തടസമല്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹർജിയിൽ കക്ഷികളായിരുന്നില്ലെന്നും തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി ഏതാനും അദ്ധ്യാപകരും സ്‌കൂൾ മാനേജർമാരും നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

എയ്‌ഡഡ് സ്‌കൂളുകളിൽ വൻതോതിൽ ഒഴിവ് വരുന്നുണ്ടെന്നും ഭിന്നശേഷി വിഭാഗങ്ങളുടെ കുടിശിക ഒഴിവുകൾ നികത്താൻ വേണ്ടത്ര ഉദ്യോഗാർത്ഥികൾ ഉണ്ടാവില്ലെന്നും സർക്കാർ വിശദീകരിച്ചിരുന്നു. ഒഴിവുകൾ ബാക്കിയുണ്ടാവുമെന്ന് സർക്കാർ പറയുന്നതിനാൽ ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട നിയമനം നൽകിയശേഷം ബാക്കി ഒഴിവുകളിൽ വിദ്യാഭ്യാസവകുപ്പ് മറ്റുള്ളവരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകണം. ഈ നടപടി അപ്പീലിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കും.

1996 ഫെബ്രുവരി ഏഴു മുതൽ മുൻകാല പ്രാബല്യത്തോടെ ഒഴിവുകൾ കണക്കാക്കി ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന് സിംഗിൾബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഭിന്നശേഷിക്കാർക്കുള്ള അവകാശനിയമം 2021 നവംബർ എട്ടിനു ശേഷമുള്ള ഒഴിവുകളിൽ ബാധകമാക്കിയാൽ മതിയെന്ന സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയാണ് വിധിപറഞ്ഞത്. ഇതിനെതിരെയാണ് അപ്പീൽ.