പുതിയ മുഖം കൈവരിച്ച് നഗരം, ഇരട്ടപ്പാലത്തിന്റെ നാടായി അടൂർ

Wednesday 14 December 2022 12:49 AM IST

അടൂർ : ഇരട്ടപ്പാലത്തിന്റെ ഉദ്ഘാടനത്തിനായി അണിഞ്ഞൊരുങ്ങി അടൂർ നഗരം. നിലവിലുള്ള പാലത്തിന് ഇരുവശവുമായി തൊട്ടുരുമ്മി രണ്ട് പാലങ്ങൾ തുറക്കുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിനാെപ്പം നഗരത്തിന്റെ മുഖശ്രീയും കൂടുതൽ ശോഭിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇരട്ടപ്പാലം തുറന്ന് കൊടുക്കുന്ന ആഘോഷപ്പെരുമയിലാണ് നഗരം. ക്രിസ്മസ് - പുതുവത്സര സമ്മാനമായി നഗരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്. ഒരുവർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ നൽകിയ കരാർ വിവിധ കാരണങ്ങളാൽ അഞ്ച് വർഷത്തോളം നീണ്ടു. കിഫ്ബി അനുവദിച്ച 11 കോടി രൂപ ചെലവഴിച്ചാണ് പാലവും സെൻട്രൽ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഡ്രെയിനേജ് സംവിധാനവും ഒരുക്കിയത്. ഒപ്പം നഗരസൗന്ദ്യര്യവൽക്കരണത്തിന്റെ ഭാഗമായി അനുബന്ധ റോഡുകളും ഉന്നതനിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി. 1909ൽ രാജഭരണകാലത്താണ് അടൂരിലെ വലിയതോടിന് കുറുകെയായി പാലം നിർമ്മിച്ചത്. വലിയവാഹനങ്ങൾക്ക് ഒരേ ദിശയിലേക്ക് കടന്നുപോകുന്നതിനുള്ള വീതിമാത്രമായിരുന്നു പാലത്തിനുള്ളത്. ഇതിനെ തുടർന്ന് 1987 ൽ സമാന്തരമായി മറ്റൊരു പാലത്തിന്റെ നിർമ്മാണവും ആരംഭിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. പഴയപാലം തകർന്ന് തോട്ടിലേക്ക് നിലംപൊത്തി. ഇതേ പാലത്തിന്റെ സ്ഥാനത്താണ് ഇരട്ടപ്പാലത്തിൽ ഒന്ന് നിർമ്മിച്ചിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഒാമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ എന്നിവർ മുഖ്യാതിഥികളായിരിക്കും. നഗരസഭാ ചെയർമാൻ ഡി.സജി സ്വാഗതം പറയും. വൈസ് ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ്, നഗരസഭ പ്രതിപക്ഷ നേതാവ് ഡി.ശശികുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, കൗൺസിലർമാരായ കെ.മഹേഷ് കുമാർ, ശ്രീലക്ഷ്മി ബിനു, വി.ശശികുമാർ, എ.അനിതാദേവി, കെ.പി.ഉദയഭാനു, എ.പി.ജയൻ, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ടി.എം.ഹമീദ്, എൻ.എം.രാജു, അലക്സ് കണ്ണമല, സൂരജ് വെൺമേലിൽ, വിക്ടർ തോമസ്, ജോ എണ്ണയ്ക്കാട്, മാത്യൂസ് ജോർജ്ജ്, ബിജു മുസ്തഫ, പി.കെ.ജേക്കബ്, രാജു നെടുവംപുറം, മുണ്ടയ്ക്കൽ ശ്രീകുമാർ, സനോജ് മേമന, അഡ്വ.ജോർജ്ജ് വർഗീസ്, ടി.ഡി.ബൈജു, പി.ബി.ഹർഷകുമാർ, ഏഴംകുളം അജു, അഡ്വ.എസ്. മനോജ്, ഏഴംകുളം നൗഷാദ്, ബിന്ദു മാധവൻ തുടങ്ങിയവർ സംസാരിക്കും.

ഇരട്ടപ്പാലങ്ങൾ

നീളം : 19 മീറ്റർ

വീതി : 7.5 മീറ്റർ

വലിയ തോടിന് കുറുകെ