കിസാൻസഭ സമ്മേളനം: വിദേശ വനിതാപ്രതിനിധികളെ തിരിച്ചയച്ചു

Wednesday 14 December 2022 4:50 AM IST

തൃശൂർ: ടൂറിസ്റ്റ് വിസയിൽ വരുന്നവരെ പങ്കെടുപ്പിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞ് കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിനെത്തിയ വിദേശ വനിതാപ്രതിനിധികളെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചയച്ചു. ഫ്രാൻസിൽ നിന്നും എത്തിയ ട്രേഡ് യൂണിയൻ ഇന്റർനാഷണൽ അഗ്രിക്കൾച്ചറിന്റെ പ്രതിനിധികളായ ക്രിസ്റ്റ്യൻ അലിയാമി,മരിയാ ഡി റോച്ച എന്നിവരെയാണ് വിമാനത്താവളത്തിൽ തടഞ്ഞ് അതേ വിമാനത്തിൽ മടക്കി അയച്ചത്.

ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് ഇവർ ഇന്നലെ പുലർച്ചെ 2.15ന് ഇറങ്ങിയത്. ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ ഇമിഗ്രേഷന് വകുപ്പിന് നൽകിയ യാത്രാ രേഖയിൽ അഖിലേന്ത്യാ കിസാൻസഭാ സമ്മേളനത്തിന് പോകുകയാണെന്ന് കാണിച്ചിരുന്നു. ടൂറിസ്റ്റ് വിസയിലെത്തിയാൽ മുൻകൂർ അനുമതിയില്ലാത്ത രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മടക്കി അയച്ചത്. വിദേശ പ്രതിനിധികളെ മടക്കി അയച്ച സംഭവത്തിൽ അഖിലേന്ത്യാ കിസാൻസഭയുടെ ദേശീയ സമ്മേളനം പ്രതിഷേധം അറിയിച്ചു.