ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഗോഹട്ടി കോടതിയിലേക്ക്; അഞ്ച് പേരെ സുപ്രീം കോടതി ജഡ്ജിമാരാക്കാൻ ശുപാർശ

Wednesday 14 December 2022 12:00 AM IST

ന്യൂഡൽഹി:കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗോഹട്ടി ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റാനും മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ അഞ്ചുപേരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനും സുപ്രീം കോടതി കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു. ഗാേഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആർ.എം. ഛായ ജനുവരി 11 ന് വിരിക്കുന്ന സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിച്ചേക്കുമെന്ന് സുപ്രീം കോടതി വൃത്തങ്ങൾ വ്യക്തമാക്കി. ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്ര നിയമമന്ത്രാലയം മടക്കിയിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കൊളീജിയം പുതിയ ശുപാർശ നൽകിയത്.

സുപ്രീം കോടതിയിലേക്ക്

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ ശുപാർശ ചെയ്തത്. ജസ്റ്റിസ് സഞ്ജയ് മിശ്രയെ ഝാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ജസ്റ്റിസ് എൻ.കെ സിംഗിനെ ജമ്മു കാശ്മീർ ചീഫ് ജസ്റ്റിസായും നിയമിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.

Advertisement
Advertisement