അന്ത്യകൂദാശ നൽകാനും യാക്കോബായ- കത്തോലിക്കാ സഹകരണം

Wednesday 14 December 2022 12:00 AM IST

കൊച്ചി: അന്ത്യകൂദാശ നൽകുന്നതിനുൾപ്പെടെ പരസ്പരം സഹകരിക്കാൻ കത്തോലിക്കാസഭയും യാക്കോബായസഭയും ധാരണയിലെത്തി. ഐക്യവും സഹകരണവും വർദ്ധിപ്പിക്കാൻ കോട്ടയം മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിൽ ഇരുവിഭാഗവും നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.

ആശുപത്രികളിൽ അത്യാസന്നനിലയിൽ കഴിയുന്ന രോഗികൾക്ക് സ്വന്തം സഭയിലെ വൈദികരുടെ അന്ത്യകൂദാശ, തൈലാഭിഷേകം, രോഗീലേപനം, കുർബാന എന്നിവ ഇതരസഭയിലെ വൈദികൻ നൽകും. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഇരുസഭകളുടെയും വിശ്വാസികൾക്ക് ആവശ്യമായ ശുശ്രൂഷകൾ ലഭ്യമാക്കാൻ സംയുക്ത മാർഗരേഖ തയ്യാറാക്കും. വിശ്വാസസാക്ഷ്യവും പരിശീലനവും ശക്തിപ്പെടുത്താൻ പരസ്പരം സൗകര്യമൊരുക്കും.

1990ൽ ആരംഭിച്ച ചർച്ചകളുടെ തുടർച്ചയാണ് തീരുമാനമെന്ന് യാക്കോബായ സഭാ വക്താവ് അറിയിച്ചു. മാതൃസഭാംഗത്വം മാറാതെ ഇരുസഭകളിലുള്ളവർക്ക് വിവാഹിതരാകാൻ അനുമതി നൽകിയിരുന്നു. ആരാധനാലയങ്ങളും സെമിത്തേരികളും ഉപയോഗിക്കാനും നേരത്തെ കരാർ ഒപ്പുവച്ചിരുന്നു.

കത്തോലിക്കാ- യാക്കോബായ ദൈവശാസ്ത്ര കമ്മിഷൻ സംഘ‌ടിപ്പിച്ച ചർച്ചയ്ക്ക് ബിഷപ്പ് ബ്രെയിൻ ഫാരേൽ, ബിഷപ്പ് ഡോ. കുര്യക്കോസ് തെയോഫിലോസ് എന്നിവർ നേതൃത്വം വഹിച്ചു.