ശ്രീനിജിനെ അധിക്ഷേപിച്ച കേസ്: അറസ്റ്റില്ലെന്ന് സർക്കാർ

Wednesday 14 December 2022 12:37 AM IST

കൊച്ചി: പി.വി. ശ്രീനിജിൻ എം.എൽ.എയെ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് തങ്ങൾക്കെതിരെ രജിസ്റ്റർചെയ്‌ത കേസ് റദ്ദാക്കാൻ ട്വന്റി 20 ചീഫ് കോ- ഓർഡിനേറ്റർ സാബു എം. ജേക്കബ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ഇവരെ അറസ്‌റ്റു ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഇന്ന് പരിഗണിക്കാൻ മാറ്റി.

സാബു എം. ജേക്കബിനുപുറമേ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സത്യപ്രകാശ്, ജീൽ മാവേലിൽ, രജനി എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ രാവിലെ ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹർജി ആദ്യം പരിഗണനയ്ക്കുവന്നത്. എന്നാൽ ഹർജി പരിഗണിക്കുന്നതിൽനിന്ന് അദ്ദേഹം പിൻമാറിയതിനെത്തുടർന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്.

കഴിഞ്ഞ കർഷകദിനത്തിൽ ഐക്കരനാട് കൃഷിഭവനിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ തന്നെ അധിക്ഷേപിച്ചെന്നാരോപിച്ച് ശ്രീനിജിൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം രജിസ്റ്റർചെയ്ത കേസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിക്കാരുടെ വാദം. ശ്രീനിജിനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. അദ്ദേഹവുമായി രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം മാത്രമാണുള്ളത്. സംഭവസമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സാബു എം. ജേക്കബും വ്യക്തമാക്കി.