ട്രെയിനുകളുടെ കൂട്ടയോട്ടം എസ്.എം.പി റെയിൽവേ ഗേറ്രിൽ വാഹനങ്ങൾ കുടുങ്ങിയത് ഒന്നര മണിക്കൂർ

Wednesday 14 December 2022 12:49 AM IST

കൊല്ലം: ട്രെയിനുകൾ കൂട്ടത്തോടെ വന്നതോടെ ചിന്നക്കട എസ്.എം.പി റെയിൽവേ ഗേറ്രിന് മുന്നിൽ വാഹനങ്ങൾ ഒന്നര മണിക്കൂറിലേറെ കുടുങ്ങി. 6.20ന് അടച്ച ഗേറ്റ് 7.40ഓടെയാണ് തുറന്നത്. ഒന്നിന് പിറകെ ഒന്നായി നിരന്ന് കുരുക്കിൽപ്പെട്ടതിനാൽ മറ്റ് വഴികളിലൂടെ പോകാൻ കഴിയാതെ യാത്രക്കാർ വാഹനങ്ങൾക്കുള്ളിലിരുന്ന് വീർപ്പുമുട്ടി. വാഹനങ്ങളുടെ നീണ്ടനിര ചിന്നക്കട മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ ഗതാഗത സ്തംഭനവും സൃഷ്ടിച്ചു.

തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്ന പുനലൂർ- മധുര എക്സ്പ്രസിന് കടന്നുപോകാനാണ് ഗേറ്റ് ആദ്യമടച്ചത്. തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് നിന്നും വന്ന ഇന്റർസിറ്റി കടന്നുപോയതോടെ ഗേറ്റ് തുറക്കുമെന്ന പ്രതീക്ഷയിൽ കൂടുതൽ വാഹനങ്ങൾ ഗേറ്റിന് മുന്നിൽ ക്യൂവായി. പക്ഷെ കന്യാകുമാരി- പുനലൂർ അടക്കമുള്ള ട്രെയിനുകൾ വീണ്ടുമെത്തി. ഓരോ ട്രെയിൻ കടന്നുപോകുമ്പോഴും യാത്രക്കാർ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്തെങ്കിലും പച്ച തെളിഞ്ഞില്ല. ഏഴരയോടെ ഇരുമ്പനത്ത് നിന്നും തിരുനെൽവേലിയിലേക്കുള്ള ഗുഡ്സ് കടന്നുപോയി. 52 ബോഗികളുള്ള ഈ ട്രെയിൻ കടന്നുപോകാൻ തന്നെ ഏറെ സമയമെടുത്തു. വീണ്ടും അടഞ്ഞുകിടന്ന ഗ്രേറ്റ് ഒടുവിൽ വഞ്ചിനാട് കടന്നുപോയ ശേഷമാണ് തുറന്നത്.

അറിയിപ്പ് നൽകാതെ റെയിൽവേ

ഓരോ ട്രെയിനുകളും വിവിധ ലെവൽക്രോസുകളിൽ എത്തുന്ന വിവരവും തുടർച്ചയായി ട്രെയിനുകൾ കടന്നുപോകുന്ന ഘട്ടങ്ങളും റെയിൽവേ ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാം. പക്ഷെ ഈ സമയങ്ങളിൽ ഗേറ്റുകൾക്ക് മുന്നിൽ കുടുങ്ങുന്ന യാത്രക്കാരെക്കുറിച്ച് റെയിൽവേ ചിന്തിക്കുന്നില്ല. എസ്.എം.പി ഗേറ്റ് ഒരു ട്രെയിൻ പോകാനായി അടയ്ക്കുമ്പോൾ തന്നെ വാഹനങ്ങളുടെ വൻ നിര രൂപപ്പെടും. കൂടുതൽ ട്രെയിനുകൾ കടന്നുപോകേണ്ട ഘട്ടങ്ങളിൽ ചിന്നക്കട- ബീച്ച് റോഡിൽ ഇരുവശങ്ങളിലും വാഹനങ്ങൾ ട്രെയിൻ ബോഗികൾ പോലെ നീളും. ഗതാഗതം ക്രമീകരിക്കാൻ ഇവിടെ സ്ഥിരമായി പൊലീസ് ഉണ്ടാകും. കൂടുതൽ സമയം ഗേറ്റ് അടഞ്ഞുകിടക്കുന്ന ഘട്ടങ്ങളിൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് പൊലീസിനെ വിവരമറിയിക്കാം. പക്ഷെ വിവിധ ആവശ്യങ്ങൾക്ക് ഇറങ്ങുന്ന വാഹനയാത്രക്കാരെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത റെയിൽവേ ഉദ്യോഗസ്ഥർ അതിന് തയ്യാറാകുന്നില്ല.

Advertisement
Advertisement