തൊഴിലുറപ്പ് തൊഴിലാളികൾ ആശങ്കയിൽ

Wednesday 14 December 2022 12:05 AM IST
തൊഴിലുറപ്പ് തൊഴിലാളികൾ

തഴവ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. ദരിദ്ര വിഭാഗത്തിന്റെ വിഭവാടിത്തറ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ 2005ൽ ആരംഭിച്ച പദ്ധതി ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അവിദഗ്ദ്ധ വിഭാഗമെന്ന ഒറ്റവർഗ്ഗീകരണത്തിൽ തന്നെ നിലനിൽക്കുകയാണ്. പ്രായം ,വിദ്യാഭ്യാസ യോഗ്യത ,അദ്ധ്വാനശേഷി എന്നിവയുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ തൊഴിൽ പരിശീലനങ്ങൾ നൽകി പുനർവർഗ്ഗീകരണം നടത്തുവാനോ ,കാലോചിതമായി തൊഴിൽ മേഖലയെ നവീകരിക്കാനോ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ല.

പുതിയ നിയന്ത്രണങ്ങൾ

കഴിഞ്ഞ ബഡ്ജറ്റിൽ കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള പണം വെട്ടിക്കുറച്ച് ഒപ്പം ഒരേ സമയത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ 20 പ്രവൃത്തികൾ മാത്രമേ ഏറ്റെടുക്കാവൂ എന്നുള്ള പുതിയ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ തൊഴിലുറപ്പ് പദ്ധതി അനിശ്ചിതത്വത്തിലേക്ക് നീങ്ങി. കേരള സർക്കാരിന്റെ നിരന്തരമായ സമ്മർദത്തിന് ശേഷമാണ് തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പഞ്ചായത്ത് തലത്തിൽ ഒരേസമയം ചെയ്യാവുന്ന പ്രവൃത്തികളുടെ എണ്ണം 20 ൽ നിന്ന് 50 ദിവസമായി കഴിഞ്ഞ മാസം ഉയർത്തിയത്.

കേന്ദ്രസർക്കാർ മുഴുവൻ തുകയും അനുവദിച്ചില്ല

ഈ സാമ്പത്തിക വർഷം കേരളം 10.31 കോടി തൊഴിൽ ദിനങ്ങൾക്കാവശ്യമായ തുക കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ അനുവദിച്ചത് 6 കോടി തൊഴിൽ ദിനത്തിന്റേതു മാത്രമാണ്. ഇതിന് ആനുപാതികമായി 1401.72 കോടി രൂപയാണ് ഒന്നാം ഗഡുവായി ലഭിച്ചത്. എന്നാൽ ഈ കാലയളവിൽ തന്നെ 1823.86 കോടി രൂപയുടെ തൊഴിൽ ദിനങ്ങൾ കേരളം സൃഷ്ടിച്ചു കഴിഞ്ഞു. കേന്ദ്രത്തിൽ നിന്ന് 422.14 കോടി രൂപയുടെ വിതരണമാണ് മുടങ്ങിയത്. നടപ്പുവർഷത്തെ കേന്ദ്രബഡ്ജറ്റിൽ കഴിഞ്ഞവർഷത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിനെക്കാളും 26 ശതമാനം കുറവ് തുക തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.

Advertisement
Advertisement