ഉപകരണങ്ങൾ എത്താൻ വൈകി, ഡിജിറ്റൽ റീസർവെ തുടങ്ങിയത് 15 വില്ലേജുകളിൽ മാത്രം

Wednesday 14 December 2022 12:33 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഡിജിറ്റൽ റീസർവെ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്തെങ്കിലും നടപടികൾ തുടങ്ങാനായത് 15 വില്ലേജുകളിൽ മാത്രം. ഉപകരണങ്ങൾ എത്താൻ വൈകിയതാണ് കാരണം. ജനുവരിയോടെ 200 വില്ലേജുകളിൽ റീസർവെ തുടങ്ങാനുള്ള ശ്രമത്തിലാണ് അധികൃതർ. തിരുവനന്തപുരം ജില്ലയിൽ വെയ്‌ലൂർ, കരകുളം വില്ലേജുകളിലും മറ്റു ജില്ലകളിൽ ഓരോ വില്ലേജിലുമാണ് സർവെ പുരോഗമിക്കുന്നത്.

സർവെയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ആസ്ട്രേലിയൻ കമ്പനിയായ ലൈക്കയ്ക്ക് വേണ്ടി ഡൽഹി ആസ്ഥാനമായുള്ള ഹെക്സജൻ ഏജൻസിയാണ് എത്തിക്കുന്നത്. 150 ആർ.ടി.കെ റോവറുകളും 30 റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകളും 89 ടാബുകളുമാണ് എത്തിച്ചിട്ടുള്ളത്.

നാല് വർഷം കൊണ്ട് സർവേ പൂർത്തിയാക്കും. ഇതിനായി 1500 സർവേയർമാരുടെയും 3200 ഹെൽപ്പർമാരുടെയും കരാർ നിയമനം നടക്കുന്നു

ആധുനിക സാങ്കേതിക വിദ്യയും ഡ്രോണും ഉപയോഗിച്ചുള്ള സർവേ മാപ്പിംഗ് പൂർണമാകുന്നതോടെ വില്ലേജ്, രജിസ്‌ട്രേഷൻ, ഭൂസർവേ വകുപ്പുകളുടെ രേഖകൾ വിവരസാങ്കേതികവിദ്യാ സഹായത്തോടെ സംയോജിപ്പിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കൂടി സർവെ പ്രയോജനപ്പെടും. സർവെ ഒഫ് ഇന്ത്യക്കാണ് പദ്ധതി മേൽനോട്ടം.

ഡ്രോൺ സർവെ, റിയൽ ടൈം കൈൻമാറ്റിക് (ആർ.ടി.കെ) റോവർ, ആർ.ടി.എസ് (റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ), ടാബ്‌ലെറ്റ് പി.സി സംവിധാനങ്ങൾ കോർസ് (കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ) എന്ന ജി.പി.എസ് നെറ്റ് വർക്കിന്റെ പരിധിക്കുള്ളിൽ പ്രവർത്തിപ്പിച്ചാവും സർവേ. സംസ്ഥാനത്ത് 28 കോർസ് സ്റ്റേഷനുകൾ സ്ഥാപിക്കും.

സർവെ ചാർജ്ജ്

റീസർവെയ്ക്ക് സ്ഥലഉടമയിൽ നിന്ന് ചാർജ്ജും ഈടാക്കും.ഒരു ഡിവിഷൻ സർവെ ചെയ്യാൻ 255 രൂപയാണ് നൽകേണ്ടത്. ഭൂഉടമയുടെ സാന്നിദ്ധ്യത്തിലായിരിക്കും സർവേ. തത്സമയം മാപ്പുകൾ തയ്യാറാക്കുന്നതിനാൽ ഭൂമിയുടെ അതിർത്തികൾ ഉടൻ അറിയാം.

ഡിജിറ്റൽ റീസർവെ

സംസ്ഥാനത്തെ 1666 വില്ലേജുകളിൽ 1550ൽ

ആദ്യഘട്ടത്തിൽ 200 വില്ലേജുകളിൽ

116 വില്ലേജുകളിൽ സർവേ പൂർത്തീകരിച്ചു മൊത്തം ചെലവ് 858.42 കോടി

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് 438.46 കോടി അനുവദിച്ചു.