കൊല്ലം - ചെങ്കോട്ട, എം.സി റോഡ് വികസനം അരികെ, ഡിസൈൻ ഒരുങ്ങുന്നു

Wednesday 14 December 2022 12:36 AM IST

 ഇരുറോഡുകളും നാലു വരിയാക്കും, ‌ബഡ്ജറ്റ് തുക 1500 കോടി

കൊല്ലം: കൊല്ലം- ചെങ്കോട്ട പാതയും എം.സി റോഡും നാലുവരിയായി വികസിപ്പിക്കുന്നതിന് രൂപരേഖ ഒരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗമാണ് രൂപരേഖ തയ്യാറാക്കുന്നത്. രണ്ടു റോഡുകളും നാല് വരിയായി വികസിപ്പിക്കുന്നതിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന ബഡ്‌ജറ്റിൽ 1500 കോടി രൂപ വകയിരുത്തിയിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി ലഭിച്ചതിന് പിന്നാലെയാണ് ഡിസൈൻ തയ്യാറാക്കുന്ന ജോലികൾ തുടങ്ങിയത്. എം.സി റോഡിൽ കേശവദാസപുരം മുതൽ ചെങ്ങന്നൂർ വരെയാവും വികസന പദ്ധതിയിൽ ഉൾപ്പെടുക. ചെങ്ങന്നൂർ മുതൽ കോട്ടയം വരെ എം.സി റോഡ് കൊല്ലം - തേനി ദേശീയ പാതയുടെ ഭാഗമാവുകയും കോട്ടയം മുതൽ അങ്കമാലി വരെ ഏഴ് വർഷത്തെ മെയിന്റനൻസ് പദ്ധതിയിൽ ഉൾപ്പെടുന്നതിനാലുമാണ്

വികസനം ഈ മേഖലകളിലായി പരിമിതപ്പെടുന്നത്.

കൊല്ലം- ചെങ്കോട്ടയ്ക്ക് സമാന്തരമായി ദേശീയപാത 744 ന്റെ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് പഴയ കൊല്ലം- ചെങ്കോട്ട പാത നാലുവരിയായി വികസിപ്പിക്കണമെന്ന നിർദേശം ഉയർന്നത്. കടമ്പാട്ടുകോണം പാത യാഥാർത്ഥ്യമായാൽ പ്രധാന നഗരങ്ങളായ കുണ്ടറ, കൊട്ടാരക്കര, പുനലൂർ എന്നിവയുടെ പ്രതാപം നഷ്ടമാകുമോയെന്ന് ആശങ്കയുണ്ട്. ഇത് ഒഴിവാക്കാനാണ് നാലുവരി പാത എന്ന ആശയത്തിന് പ്രാമുഖ്യം നൽകിയത്. പുതിയ ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം- ചെങ്കോട്ട പാതയുടെ വികസനം തെന്മല വരെയാകും.

..........................................

 ഡിസൈൻ തയ്യാറാക്കാൻ 22 ലക്ഷം രൂപ

 ഗതാഗത തിരക്ക് ഒഴിവാക്കാൻ ഓവർ ബ്രിഡ്ജുകളും ബൈപ്പാസുകളും

 സംസ്ഥാനത്തെ 20 ജംഗ്ഷനുകളുടെ വികസനം ലക്ഷ്യം

 കൊല്ലം, കുണ്ടറ, പളളിമുക്ക്, ഇളംമ്പളളൂർ

ലൈവൽ ക്രോസുകളിൽ ഓവർബ്രിഡ്ജുകൾ പരിഗണനയിൽ