ഗവർണറുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞത് ലീഗെന്ന് മന്ത്രി രാജീവിന്റെ പ്രശംസ

Wednesday 14 December 2022 12:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലാ വി.സിമാരോട് ഗവർണർ ഏകപക്ഷീയമായി രാജി ആവശ്യപ്പെട്ടതിനെ അന്ന് പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തപ്പോൾ ,അതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞത് മുസ്ലിംലീഗാണെന്ന് നിയമസഭയിൽ മന്ത്രി പി. രാജീവിന്റെ പ്രശംസ.

എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലും അന്ന് ഗവർണറുടെ നടപടിയെ അതിനിശിതമായി വിമർശിച്ച് ഫേസ്ബുക് കുറിപ്പിട്ടു. എന്നാൽ

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റും അന്നെടുത്തത്. പക്ഷേ, ഇന്നിപ്പോൾ നിയമസഭയിൽ പ്രതിപക്ഷമുൾപ്പെടെ എല്ലാവരും പൊതുനിലപാടിലെത്തിയത് സ്വാഗതാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സമവർത്തി പട്ടികയിൽപ്പെട്ട വിഷയത്തിൽ നിയമനിർമാണം നടത്തുമ്പോൾ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വേണമെന്ന പ്രതിപക്ഷ വാദത്തെയും മന്ത്രി ഖണ്ഡിച്ചു.

2010ൽ കേന്ദ്രസസർക്കാർ സർക്കുലറിലൂടെ അങ്ങനെ ഭരണഘടനാ അനുമതി ആവശ്യമില്ലെന്ന് സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ഉത്തരവ് ആദ്യം മുതലുള്ള നിയമനങ്ങൾക്ക് ബാധകമായതിനാൽ എല്ലാ വി.സിമാരും നിയമപ്രകാരം രാജി വച്ചൊഴിയേണ്ടതാണ് എന്ന് പ്രതിപക്ഷ നേതാവ്

വി.ഡി.സതീശൻ വാദിച്ചു. അങ്ങനെയെങ്കിൽ രാജസ്ഥാനിൽ വി.സിമാർ രാജി വയ്ക്കണമെന്ന് പറയേണ്ടതല്ലേയെന്ന് മന്ത്രി ചോദിച്ചു. താൻ രാജസ്ഥാനിലെയല്ല, കേരളത്തിലെ പ്രതിപക്ഷ നേതാവാണന്നായിരുന്നു സതീശന്റെ മറുപടി. അങ്ങയെ കേരളത്തിലെ മാത്രം നേതാവായി താൻ ചുരുക്കിക്കാണുന്നില്ലെന്ന് മന്ത്രി രാജീവ് പറഞ്ഞു.