കശുഅണ്ടി: ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും

Wednesday 14 December 2022 12:42 AM IST

തിരുവനന്തപുരം: കശുഅണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുമെന്നും മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് ഈ മേഖലയിൽ പ്രതിസന്ധി 2015 മുതലുണ്ട്. ഒരു കിലോ തോട്ടണ്ടിയുടെ വില 110 രൂപ. പ്രോസസിംഗ് ചെലവ് 55 രൂപ കൂടിയാകുമ്പോൾ ആകെ ചെലവ് 165 രൂപയാകും. എന്നാൽ ഒരു കിലോ കശുഅണ്ടി വിൽക്കാനാകുന്നത് 120 രൂപയ്ക്കും.

മതിയായ തൊഴിൽ ദിനങ്ങൾ കിട്ടാത്തതിനെ തുടർന്ന് ഇ.എസ്.ഐ ആനുകൂല്യത്തിൽ നിന്ന് കശുഅണ്ടി തൊഴിലാളികൾ പുറത്താകുന്ന സാഹചര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെ‌ടുത്തും. തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് ഏർപ്പെടുത്താൻ വിദഗ്ദ്ധ സമിതിയോട് നിർദ്ദേശിക്കും. സ്വകാര്യ ഫാക്‌‌ടറികളുടെ പ്രവർത്തനം മെച്ചപ്പെ‌‌ടുത്താൻ ഈ മാസം തന്നെ പദ്ധതി പ്രഖ്യാപിക്കും. ഫാക്ടറികളിൽ നിന്ന് വിരമിക്കുന്ന തൊഴിലാളികൾക്ക് അന്നു തന്നെ ഗ്രാറ്റുവിറ്റി നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.

സിമന്റും മണലും സംയോജിപ്പിച്ചുള്ള പുതിയ മൂല്യ വർദ്ധിത ഉത്പന്നം ജനുവരി ഒന്നിന് മലബാർ സിമന്റ്സ് പുറത്തിറക്കും. സ്ഥാപനത്തിൽ സ്ഥിരം എം.ഡിയെ നിയമിക്കാൻ റിക്രൂട്ട്മെന്റ് ബോർഡ് വഴി ഉടൻ നിയമനം നടത്തും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിറ്റ് പണമാക്കുക എന്നതാണ് കേന്ദ്ര നിലപാട്. എന്നാൽ അവയെ സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. കേന്ദ്രം കൈയൊഴിയുന്ന സ്ഥാപനങ്ങൾ കേരളം ഏറ്റെടുക്കും.