ഗവർണർ സർക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണം: കുഞ്ഞാലിക്കുട്ടി

Wednesday 14 December 2022 12:50 AM IST

തിരുവനന്തപുരം: എല്ലാ കാര്യത്തിലും ഗവർണർ കയറി ഇടപെടുന്നത് മുമ്പൊന്നും കാണാത്ത കാര്യമാണെന്നും അതിനെ അനുകൂലിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കണം. ഗവർണർ ഗവൺമെന്റിന്റെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കട്ടെ. സർക്കാരിന് മുകളിൽ മറ്റൊരു സർക്കാർ വേണ്ടെന്നും സർവ്വകലാശാലാ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണം ഗവർണർ ഏറ്റെടുത്ത പ്രതീതിയാണ് കേരളത്തിലുണ്ടായത്. അങ്ങനെയൊരു ഏറ്റെടുക്കലിനെ അംഗീകരിക്കാനാവില്ല.

യൂണിവേഴ്സിറ്റി ഭരണത്തിൽ സർക്കാരിനോട് ശക്തമായ വിയോജിപ്പുണ്ട്. അത് പ്രതിപക്ഷമെന്ന നിലയിൽ പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ സർക്കാരില്ലെങ്കിൽ പ്രതിപക്ഷവുമില്ല.

ചട്ടിയിൽനിന്ന് അടുപ്പിലേക്ക് വീഴുന്ന അവസ്ഥയുണ്ടാകരുത്. യൂണിവേഴ്സിറ്റി ഭരണത്തിൽ പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ല. ഗവർണറുടെ ജനാധിപത്യ ബോധമില്ലായ്മ പറയുന്ന സർക്കാരിന് ജനാധിപത്യമുണ്ടോ എന്നത് പരിശോധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തണം. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഹെഡ്ഓഫീസായി സർവ്വകലാശാലകൾ മാറിയെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.