വിദ്യാ‌ർത്ഥികൾ സീറ്റിനായി നെട്ടോട്ടം; കാലിക്കറ്റ് സർവകലാശാലയിൽ കാൽലക്ഷം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

Wednesday 14 December 2022 12:59 AM IST

മലപ്പുറം: ബിരുദ,​ ബിരുദാനന്തര പഠനത്തിന് അവസരമില്ലാതെ വിദ്യാ‌ർത്ഥികൾ വലയുമ്പോൾ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 25,​962 സീറ്റുകൾ. 22,320 ബിരുദ സീറ്റുകളും 3,​642 ബിരുദാനന്തര ബിരുദ സീറ്റുകളുമാണിത്. സർവകലാശാല നവംബർ ഏഴിന് പ്രവേശന നടപടികൾ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങിയത്. പ്രൊഫഷണൽ കോഴ്സുകളിലേക്കും വലിയതോതിൽ കുട്ടികൾ പോയി. പ്രവേശന തിയതി നീട്ടണമെന്ന ആവശ്യം ഉയർന്നെങ്കിലും പുതുതായി ചേരുന്നവർക്ക് അക്കാദമിക് ഇയറിൽ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന പാലിക്കപ്പെടില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ ഇതിനു തയ്യാറായില്ല.

ഡിഗ്രി കോഴ്സുകൾക്ക് സീറ്റ് ലഭിക്കാത്തതിനാൽ പാരലൽ കോളേജുകളെ ആശ്രയിക്കുകയാണ് വിദ്യാർത്ഥികൾ.കേന്ദ്ര സർവകലാശാലകളിലെ പി.ജി പ്രവേശന നടപടികൾ തുടങ്ങിയിട്ടേയുള്ളൂ. ഇത്തവണ കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനം പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു. ഏറെ വൈകിയാണ് ഇതിനുള്ള നടപടികൾ പൂർത്തീകരിച്ചത്. കാലിക്കറ്റ് സർവകലാശാലയിലെ പി.ജി കോഴ്സുകളിൽ ഇനിയും വിദ്യാർത്ഥികൾ കുറഞ്ഞേക്കാം.

സർക്കാർ,​ എയ്ഡഡ് കോളേജുകളിലെ ബിരുദ,​ ബിരുദാനന്തര പ്രവേശനത്തിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കാനിടയായ സാഹചര്യം വിശദമായി പരിശോധിക്കുന്നതിന് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം അഡ്‌മിഷൻ മോണിറ്ററിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഡ്‌മിഷൻ സമ്പ്രദായത്തിലെ അപാകതയാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കാൻ കാരണമെന്ന് സിൻഡിക്കേറ്റ് വിലയിരുത്തി.

വലിയ ഒഴിവ്

326 സീറ്റുകൾ സർക്കാർ കോളേജുകളിലും 1,878 സീറ്റുകൾ എയ്ഡഡ് കോളേജുകളിലും 20,116 ഡിഗ്രി സീറ്റുകൾ സ്വാശ്രയ കോളേജുകളിലും ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ആകെ 22,320 ബിരുദ സീറ്റുകൾ. 91,204 ഡിഗ്രി സീറ്റുകളാണ് കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലുള്ളത്. 68,​884 സീറ്റുകളിലേ കുട്ടികളുള്ളൂ. ബിരുദാനന്തര ബിരുദ വിഭാഗത്തിൽ 3,​642 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സർക്കാർ കോളേജുകളിൽ 30 സീറ്റിലും എയ്ഡഡിൽ 321ഉം സ്വാശ്രയ കോളേജുകളിൽ 2,583 സീറ്റിലും ആളില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിലെ 1,​122 സീറ്റുകളിൽ 684 പേർ മാത്രമാണുള്ളത്. 438 ഒഴിവുകൾ.

പ്രവേശനം നേടിയ ശേഷം 75 ശതമാനം ഹാജർ വേണമെന്ന നിബന്ധനയെ തെറ്റായി വ്യാഖ്യാനിച്ച അധികൃതരുടെ നടപടി മൂലം സീറ്റ് ഒഴിവുണ്ടായിട്ടും നിരവധി വിദ്യാർത്ഥികൾ പുറത്തുനിൽക്കേണ്ട അവസ്ഥയിലാണ്.

ഡോ.റഷീദ് അഹമ്മദ്,​ സിൻഡിക്കേറ്റംഗം