മാർക്കറ്റിംഗ് മേധാവിയാകാൻ ഇനി മാനേജ്മെന്റ് ബിരുദം വേണം

Wednesday 14 December 2022 1:14 AM IST

തിരുവനന്തപുരം:പല പൊതുമേഖലാ സ്ഥാപനങ്ങളിലെയും മാർക്കറ്റിംഗ് ‌മേഖലയിലുള്ളവർ സ്ഥാപനനടത്തിപ്പിൽ വൈദ‌ഗ്ധ്യം ഉള്ളവരല്ലെന്നും എൻജിനിയർ കേഡർ പോസ്റ്റിൽ പ്രവേശിക്കുന്നവർ പ്രൊമോഷനിലൂടെ എച്ച്.ആർ മാനേജരും ഫിനാൻസ് മാനേജരും മാർക്കറ്റിംഗ് മാനേജരുമാവുന്ന സ്ഥിതിയാണുള്ളതെന്നും മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു . ഇത് അവസാനിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് മേധാവിയാകണമെങ്കിൽ വിഷയത്തിൽ മാനേജ്മെന്റ് ബിരുദമെങ്കിലും വേണം. പൊതുമേഖലാ സ്ഥാപനങ്ങൾ മത്സരക്ഷമവും ലാഭകരവുമാകണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ വാർഷിക ഓഡിറ്റിംഗിൽ വലിയ വീഴ്ചയാണ് ഉണ്ടായിരുന്നത്. സ്വകാര്യ കമ്പനികളിൽ എല്ലാവർഷവും വാർഷിക ജനറൽ മീറ്റിങ്ങിനു മുമ്പ് ഓഡിറ്റ് റിപ്പോർട്ടും വർക്ക് റിപ്പോർട്ടും തയാറാക്കാറുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ നിയമസഭയിലാണ് സമർപ്പിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സൗരോർജ്ജ നിലയം ശേഷി വർദ്ധിച്ചു

സംസ്ഥാനത്തെ സൗരോർജ്ജ നിലയങ്ങളുടെ ആകെ സ്ഥാപിത ശേഷി 676 മെഗാവാട്ടായി വർദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി 500 മെഗാവാട്ട് പുരപ്പുറ സൗരനിലയങ്ങളിൽ നിന്നും 500 മെഗാവാട്ട് സോളാർപാർക്ക്, ഫ്ളോട്ടിംഗ് സോളാർ എന്നിവ മുഖേനയും കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഈ പദ്ധതി വഴി 111.04 മെഗാവാട്ട് ശേഷിയുടെ 25817 സൗരനിലയങ്ങൾ പൂർത്തീകരിച്ചു. ഇതിൽ 100.33 മെഗാവാട്ടിന്റെ 23939 നിലയങ്ങൾ കമ്മിഷൻ ചെയ്തു. അനെർട്ട് മുഖേന സൗരോർജ്ജത്തിൽ നിന്ന് 200 മെഗാവാട്ട് ഉത്പാദിപ്പിക്കും.