കെ.എൻ. സതീഷ് അന്തരിച്ചു
കൊച്ചി: സംസ്ഥാന ഗവ. മുൻ സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററും തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം മുൻ എക്സിക്യുട്ടീവ് ഓഫീസറുമായ തലശേരി കരിയാട് നെല്ലോളിവീട്ടിൽ കെ.എൻ. സതീഷ് (62) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് ന്യൂഡൽഹിയിൽ ഇന്നലെ വൈകിട്ട് ആറോടെയാണ് അന്ത്യം. വിരമിച്ചശേഷം എറണാകുളം എളമക്കരയിലെ പേരണ്ടൂരിലുള്ള ഫ്ലാറ്റിലായിരുന്നു താമസം. മൃതദേഹം ഇന്ന് ഉച്ചയ്‌ക്ക് നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്. പരേതരായ ബാലകൃഷ്ണൻ നമ്പ്യാരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്.
തഹസിൽദാരായാണ് റവന്യൂവകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരം, കാസർകോട് കളക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: രമ. മകൾ: ഡോ. ദുർഗ. മരുമകൻ: ഡോ. മിഥുൻ. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിംഗ് കൗൺസിൽ അംഗം, കലൂർ പാവക്കുളം മഹാദേവ ക്ഷേത്രസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് സംഘത്തിനൊപ്പം കേന്ദ്രമന്ത്രിമാരെ കാണാനാണ് ന്യൂഡൽഹിയിലെത്തിയത്. ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.