ക്രിസ്‌മസ്-പുതുവത്സരം: പ്രതിസന്ധിക്കിടയിലും ഉണർവോടെ വിപണി

Friday 16 December 2022 3:07 AM IST

കൊച്ചി: വിലക്കയറ്റവും (നാണയപ്പെരുപ്പം) ഉയർന്ന പലിശഭാരവും കുറഞ്ഞ പണലഭ്യതയും വെല്ലുവിളിയാണെങ്കിലും ആകർഷക ആനുകൂല്യങ്ങളൊരുക്കി കച്ചവടക്കാരും വരുമാനത്തിനൊത്ത പർച്ചേസുകളുമായി ഉപഭോക്താക്കളും കളംനിറഞ്ഞതോടെ ഉണർവുനേടി ക്രിസ്‌മസ്-പുതുവത്സര വിപണി. പ്രളയവും കൊവിഡും മൂലം മുൻവർഷങ്ങളിൽ ക്രിസ്‌മസ്-പുതുവത്സരവിപണി പൊലിഞ്ഞിരുന്നു.

ഇലക്‌ട്രോണിക്‌സ്,​ ഗൃഹോപകരണ വിപണിയിലും കച്ചവടം സജീവം. ഫുട്ബാൾ വേൾഡ് കപ്പുമായി കോർത്തിണക്കിയുള്ള ഓഫറുകളാണ് വിപണിയെ സജീവമാക്കുന്നത്.

നേട്ടത്തിന്റെ വഴികൾ

 ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ : ആകർഷക തവണവ്യവസ്ഥകളും കുറഞ്ഞ പലിശഭാരവുമുള്ള, എളുപ്പത്തിൽ നേടാവുന്ന ഇ.എം.ഐ സ്കീമുകൾ

 നിശ്ചിത പരിധിക്കുമേലുള്ള പർച്ചേസുകൾക്കും കാർഡ് പേമെന്റുകൾക്കും കാഷ്ബാക്ക് ഓഫറുകൾ

 സ്വർണം : ആറുമാസം വരെ കാലാവധിയിൽ മുൻകൂർ ബുക്കിംഗ് സൗകര്യം. വിലവർദ്ധനയിൽ നിന്ന് രക്ഷനേടാൻ ഇത് സഹായിക്കുന്നു

സ്മാർട്ട് ടിവിയും 5ജി ഫോണും

ക്രിസ്മസ്-ന്യൂഇയർ ആഘോഷത്തിന് മുമ്പേയെത്തിയ ഫിഫ വേൾഡ്കപ്പ് ടിവി വിപണിക്ക് കരുത്തായി. നിരവധിപേർ വലിയ സ്ക്രീനുള്ള സ്മാർട്ട് ടിവികളിലേക്ക് കൂടുമാറി. 5ജി നെറ്റ്‌വർക്ക് ഉടനെത്തുമെന്ന വിലയിരുത്തലുകളും ആകർഷക 5ജി ഫോണുകളുടെ ലോഞ്ചിംഗും സ്മാർട്ട്ഫോൺ വില്പനയും കൂട്ടി.

പൊന്നിനും വസ്ത്രത്തിനും

നേട്ടമായി കല്യാണക്കാലം

സ്വർണ,​ വസ്ത്രവിപണിക്ക് കരുത്താവുന്നത് വിവാഹസീസണാണ്. വിവാഹ പർച്ചേസുകളാണ് വിപണിയുടെ കരുത്തെന്ന് ഭീമ ജുവലേഴ്‌സ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ പറഞ്ഞു.

കേരളത്തിലെ പ്രതിവർഷ വസ്ത്രവില്പനയുടെ 20-30 ശതമാനം ക്രിസ്മസ്-ന്യൂഇയർ കാലത്താണ്. വരുംദിവസങ്ങളിൽ ക്രിസ്ത്യൻ വിവാഹങ്ങളും കൂടുമെന്നതിനാൽ കച്ചവടം കൂടുതൽ ഉയരുമെന്ന പ്രതീക്ഷയിലാണ് സ്വർണ,​ വസ്ത്ര വിപണികളും.

കരകയറാൻ കാർവിപണി

വിലവർദ്ധന,​ പലിശഭാരം,​ ഉയർന്ന ഇന്ധനവില എന്നീ വെല്ലുവിളികൾ വാഹനവിപണിയെ ബാധിക്കുന്നുണ്ട്. ടൂവീലർ വിപണിയിൽ വലിയ മാന്ദ്യമില്ല. എൻട്രി-ലെവൽ കാർ ശ്രേണിയിലേക്കുള്ള പുതിയ ഉപഭോക്താക്കളുടെ വരവ് കുറവാണ്. പ്രീമിയം,​ മിഡ്‌സൈസ് കാറുകൾക്ക് മികച്ച ഡിമാൻഡുണ്ട്.

വിപണിയും കണക്കും

 സ്വർണം: സാധാരണദിവസങ്ങളിൽ സംസ്ഥാനത്ത് വിറ്റഴിയുന്നത് 400-600 കിലോഗ്രാം സ്വർണാഭരണങ്ങൾ. ഓണക്കാലത്ത് ഇത് 800-900 കിലോയാകും. ക്രിസ്മസ്-ന്യൂഇയർ സീസണിൽ പതിവ് 500-700 കിലോയാണ്.

 കഴി‍ഞ്ഞ ഓണക്കാലത്ത് 500 കോടി രൂപയ്ക്കുമേൽ വിറ്റുവരവ് കേരളത്തിൽ സ്മാർട്ട്ഫോൺ വിപണി നേടിയിരുന്നു. ഇതിന്റെ 50-60 ശതമാനം വില്പന ക്രിസ്മസ്-ന്യൂഇയർ സീസണിൽ പ്രതീക്ഷിക്കുന്നു.

 ഓണത്തിന് 100 കാർ വിൽക്കുന്നുണ്ടെങ്കിൽ ക്രിസ്‌മസ്-ന്യൂഇയർസീസണിൽ അത് 75-80 ആണ്. അടുത്തവാരങ്ങളിലായി ഈ കണക്കിലേക്ക് തിരിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് കാർവിപണി.

വജ്രത്തിളക്കം

ഏതാനും വർഷംമുമ്പ് കേരളത്തിലെ ആഭരണവിപണിയിൽ 5 ശതമാനമായിരുന്ന വിഹിതം വജ്രം ഈവർഷം 10 ശതമാനത്തിലേക്ക് ഉയർത്തിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. വൻകിട വിവാഹ പർച്ചേസുകാരാണ് വജ്രത്തിന്റെ പ്രധാന ഉപഭോക്താക്കൾ. മറിച്ചുവിറ്റാലും കുറഞ്ഞത് വാങ്ങിയവില തന്നെ കിട്ടുമെന്ന നേട്ടവും വജ്രത്തിനുണ്ട്.

Advertisement
Advertisement