സ്റ്റാർട്ടപ്പ് മിഷനെ ടൂറിസംവകുപ്പുമായി ബന്ധപ്പെടുത്തും: മുഖ്യമന്ത്രി

Friday 16 December 2022 2:53 AM IST

 തിരുവനന്തപുരത്ത് ന്യൂജെൻ സ്റ്റാർട്ടപ്പ് ഹബ്ബ് സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പുകളുടെ വളർച്ച മെച്ചപ്പെടുത്താനായി കേരള സ്‌റ്റാർട്ടപ്പ് മിഷനെ ടൂറിസംവകുപ്പുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ടപ്പ് മിഷന്റെ മൂന്നാമത് ഹഡിൽ ഗ്ലോബൽ ടെക് സ്റ്റാർട്ടപ്പ് ദ്വിദിന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് പുതിയ എമർജിംഗ് ടെക്‌നോളജി സ്റ്റാർട്ടപ്പ് ഹബ്ബ് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ-ഫോൺ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും സ്റ്റാർട്ടപ്പ് മിഷനെയും ബന്ധിപ്പിക്കുക. ഇതുവഴി സംസ്ഥാനത്തെമ്പാടും സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനമെത്തും. യുവാക്കൾക്കും സംരംഭകർക്കും ഇത് പ്രയോജനമാകും.

ഈ സാമ്പത്തിക വർഷം മാത്രം ഒരു ലക്ഷത്തോളം സംരംഭങ്ങൾ സംസ്ഥാനത്ത് സൃഷ്‌ടിക്കപ്പെട്ടു.

ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസമേഖലകളിൽ മുന്നിലാണ് കേരളം. വൈജ്ഞാനിക സമ്പദ്‌‌രംഗത്തും ഈ നേട്ടം കൈവരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. യംഗ് ഇന്നൊവേഷൻ പ്രോഗ്രാം (വൈ.ഐ.പി) ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. ജൻ റോബോട്ടിക്സ് സി.ഇ.ഒ വിമൽ ഗോവിന്ദ് മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു.

മുഖ്യ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കർ, ജിടെക് ചെയർമാൻ വി.കെ.മാത്യൂസ്, സിസ്‌കോ ലോഞ്ച്പാഡ് മേധാവി ശ്രുതികണ്ണൻ, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ .അനൂപ് അംബിക തുടങ്ങിയവർ സംസാരിച്ചു. ഡി.ബി.എസ് ബാങ്ക് സിംഗപ്പൂർ, യുനുസ് സോഷ്യൽ ബിസിനസ് ഫണ്ട് ബംഗളുരു, ഫീനിക്സ് ഏഞ്ചൽസ് എന്നിവയുമായി സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പിട്ടു.

Advertisement
Advertisement