സ്വാമി ശുഭാംഗാനന്ദ ഏഴ് തവണ ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി

Friday 16 December 2022 4:32 AM IST

തിരുവനന്തപുരം:ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയായി ഏഴ് തവണ സേവനം

അനുഷ്ഠിച്ചിട്ടുള്ള സന്യാസിവര്യനാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുയിയ

ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ.

കോട്ടയം ജില്ലയിൽ രാമപുരം പന്തലാനിക്കൽ ബാലകൃഷ്ണന്റെയും ജാനകിഅമ്മയുടെയും മകനായി 1964ൽ കോഴിക്കോട് തിരുവാമ്പാടിയിലായിരുന്നു സ്വാമി

ശുഭാംഗാനന്ദയുടെ ജനനം.പൂർവ്വാശ്രമത്തിൽ വത്സരാജ് എന്നായിരുന്നു പേര്. തിരുവാമ്പാടി സേക്രട് ഹാർട്ട് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കോടഞ്ചേരി ഗവ. ആട്സ് ആന്റ് സയൻസ് കോളേജിൽ ഉപരിപഠനം . 1986ൽ ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ വിദ്യാർത്ഥിയായി ചേർന്ന് ഏഴ് വർഷത്തെ കോഴ്സ് പൂർത്തിയാക്കി. 1993ൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന സ്വാമി ശാശ്വതികാനന്ദയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി ശുഭാംഗാനന്ദയായി. 1994ൽ ശിവഗിരിമഠത്തിന്റെ ശാഖാ സ്ഥാപനമായ കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറിയായി. 2001ൽ 37-ാമത്തെ വയസിൽ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗമായി. 2008ലും ട്രസ്റ്റ് ബോർഡംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അക്കൊല്ലം തൃശൂർ പൊങ്ങണംകാട് ശ്രീനാരായണ സോമശേഖര ക്ഷേത്രത്തിന്റെ സെക്രട്ടറിയായി.

കൂർഞ്ചേരിയിലെ വിവിധ ശ്രീനാരായണ വിദ്യാലയങ്ങളുടെ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിച്ചു.

2014 മുതൽ ചെമ്പഴന്തി ഗുരുകുലത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു. അവിടെ വൻവികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ സെക്രട്ടറിയുടെ ചുമതല വഹിച്ചപ്പോഴാണ് ശ്രീനാരായണ തീർത്ഥർ സ്വാമി ആഡിറ്റോറിയത്തിന്റെ പണി പൂർത്തിയാക്കിയത്. തീർത്ഥർസ്വാമിയുടെ ജയന്തി ആഘോഷം വർഷം തോറും വിപുലമായ രീതിയിൽ സംഘടിപ്പിക്കാനുളള സംവിധാനങ്ങളും ഏർപെടുത്തി. പൊങ്ങണംകാട് ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോൾ ആശ്രമവും ക്ഷേത്രവും പുനരുദ്ധരിച്ചു. പെരിങ്ങോട്ടുകര ആശ്രമത്തിലും കോടികളുടെ വികസനമാണ് സ്വാമി ശുഭാംഗാനന്ദയുടെ ചുമതലയിൽ നടന്നത്. ചെമ്പഴന്തി ഗുരുകുലത്തിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ അന്തർദേശിയ ശ്രീനാരായണ കൺവെൻഷൻ സെന്റർ പണികഴിപ്പിച്ചതും സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിലാണ്.

Advertisement
Advertisement