പോക്‌സോ കേസ് പ്രതിയെ പിഡീപ്പിച്ച സി.ഐയ്ക്കെതിരെ കേസ്

Friday 16 December 2022 4:41 AM IST

തിരുവനന്തപുരം: പോക്‌സോ കേസിൽ പ്രതിയായ 27കാരനെ ക്വാർട്ടേഴ്സിൽ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സി.ഐ ജയസനിലിനെതിരെ അയിരൂർ പൊലീസ് കേസെടുത്തു. അയിരൂർ സ്റ്റേഷനിൽ സി.ഐയായിരിക്കെ മറ്റൊരു പോക്സോ കേസിലെ പ്രതിയിൽ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഒരുമാസമായി ഇയാൾ സസ്പെൻഷനിലാണ്.

തിങ്കളാഴ്ച പോക്‌സോ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സി.ഐ പീഡിപ്പിച്ച വിവരം അയിരൂർ സ്വദേശിയായ യുവാവ് കോടതിയോട് വെളിപ്പെടുത്തുകയായിരുന്നു. ജാമ്യം കിട്ടിയ യുവാവ് അയിരൂർ സ്റ്റേഷനിലെത്തി പരാതിയും നൽകി. തുടർന്നാണ് കേസ് എടുത്തത്. തന്നെ പീഡിപ്പിച്ചെന്ന 17കാരിയുടെ പരാതിയിൽ ആറുമാസം മുമ്പാണ് യുവാവിനെതിരെ പോക്സോ കേസെടുത്തത്. കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയെങ്കിലും സി.ഐ തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബർ 18ന് രാത്രി എട്ടരമുതൽ 19ന് രാവിലെവരെ ക്വാർട്ടേഴ്സിൽ താമസിപ്പിച്ച് സി.ഐ പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. കേസ് ഒത്തുതീർപ്പാക്കാൻ സി.ഐ നേരത്തെ 1.15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 65000 രൂപ സി.ഐയ്ക്ക് നൽകാൻ അഭിഭാഷകന് നൽകി. അതിനിടെ വിദേശത്തേക്ക് പോയ യുവാവിനെ കേസ് ഒത്തുതീർക്കാനെന്ന വ്യാജേന നാട്ടിലേക്ക് സി.ഐ വിളിച്ചുവരുത്തി. തുടർന്നാണ് ക്വാർട്ടേഴ്സിലേക്ക് വിളിപ്പിച്ചത്.

അഭിഭാഷകനും ബന്ധുവിനൊപ്പമെത്തിയ യുവാവ് 50,000 രൂപകൂടി സി.ഐയ്ക്ക് കൈമാറി. അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും ഉടൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമേ ചുമത്തൂവെന്നും ഉറപ്പ് നൽകി. പിന്നീട് ബന്ധുവിനെയും അഭിഭാഷകനെയും മടക്കിയയച്ച ശേഷമായിരുന്നു പീഡനമെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു.

അടുത്ത ദിവസം യുവാവിനെ പാളയംകുന്നിൽ നിന്ന് പിടികൂടിയെന്ന് പറഞ്ഞ് സി.ഐ സ്റ്റേഷനിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ജയിലിൽ കാണാനെത്തിയ ഭാര്യയോട് യുവാവ് സി.ഐയുടെ പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നു. തുടർന്ന് ഭാര്യയും പരാതി നൽകിയിരുന്നു.

Advertisement
Advertisement