ലുസൈലിൽ ഡ്രീം ഫൈനൽ

Thursday 15 December 2022 11:23 PM IST

അർജന്റീന Vs ഫ്രാൻസ് ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 8.30ന്

ദോഹ : ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത് ആരൊക്കെയെന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് അറുതിയായിരിക്കുന്നു. ഇനി അറിയേണ്ടത് ഞായറാഴ്ച ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ പോരിനിറങ്ങുമ്പോൾ ആര് വെന്നിക്കൊടി പാറിക്കുമെന്നതാണ്.

ആരു ജയിച്ചാലും ഈ ഫൈനൽ ചരിത്രത്തിൽ ഇടം പിടിക്കും. അർജന്റീനയാണെങ്കിൽ മറഡോണ യുഗത്തിന് ശേഷമുള്ള അവരുടെ ആദ്യ കിരീടം. ഇക്കാലഘട്ടത്തിന്റെ ഫുട്ബാൾ മിശിഹ ലയണൽ മെസിക്ക് കിരീടത്തിൽ മുത്തമിട്ട് ലോകകപ്പിനോട് വിടപറയാനുള്ള സുവർണാവസരം. മറുവശത്ത് ഫ്രാൻസിന് തുടർച്ചയായ രണ്ടാം ലോകകപ്പ് നേടുന്ന മൂന്നാമത്തെ മാത്രം ടീമാകാനുള്ള അവസരം. 1962ൽ ബ്രസീലാണ് അവസാനമായി കിരീടം നിലനിറുത്തിയ ടീം.

തോറ്റുതുടങ്ങി ഫൈനലിലേക്ക് എത്തിയവരാണ് അർജന്റീനക്കാർ. ആദ്യ മത്സരത്തിൽ സൗദി അറേബ്യ 2-1ന് അട്ടിമറിച്ച ഇടത്തുനിന്ന് ഫീനിക്സ് പക്ഷിയേപ്പോലെയാണ് മെസിയും സംഘവും പറന്നുയർന്നത്. ഗ്രൂപ്പ് റൗണ്ടിൽ മെക്സിക്കോയ്ക്കും പോളണ്ടിനുമെതിരെ 2-0ത്തിന്റെ വിജയങ്ങൾ. പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയയെ മറികടന്നത് 2-1ന്. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ 2-0ത്തിന് ലീഡ് ചെയ്തശേഷം 2-2ന് സമനില വഴങ്ങി എക്സ്ട്രാ ടൈമിലേക്കും പോയി. ഷൂട്ടൗട്ടിൽ ആദ്യ രണ്ട് ഡച്ച് കിക്കുകൾ തടുത്തിട്ട എമിലിയാനോയുടെ മികവിൽ 4-3ന് ജയം. സെമിയിൽ അതിസുന്ദരമായ പ്രകടനം പുറത്തെടുത്ത് ക്രൊയേഷ്യയെ കീഴടക്കിയത് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക്.

ഗ്രൂപ്പ് ഡിയിൽ മത്സരിച്ച ഫ്രാൻസ് ആസ്ട്രേലിയയെ 4-1ന് തകർത്താണ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഡെന്മാർക്കിനെ 2-1ന് തോൽപ്പിച്ചതോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി പ്രീ ക്വാർട്ടർ ഉറപ്പിച്ചതിന്റെ ആവേശത്തിൽ ടുണീഷ്യയ്ക്കെതിരെ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാനിറങ്ങി 1-0ത്തിന് തോറ്റു. എന്നാൽ പ്രീ ക്വാർട്ടർ മുതൽ പഴയ ഫ്രാൻസായി. പ്രീ ക്വാർട്ടറിൽ 3-1ന് പോളണ്ടിനെ പൊളിച്ച‌ടുക്കിയ ഫ്രാൻസ് ക്വാർട്ടറിൽ ഇംഗ്ളണ്ടിനെ കീഴടക്കിയത് 2-1നായിരുന്നു. സെമിയിൽ മൊറോക്കോയുടെ കടുത്ത വെല്ലുവിളി 2-0ത്തിന് അതിജീവിച്ചാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

മെസിയും എംബാപ്പെയും തമ്മിൽ

ഈ ലോകകപ്പ് ഫൈനൽ ഒരേ ക്ളബിൽ ഒരുമിച്ചു കളിക്കുന്ന രണ്ട് ലോകോത്തര താരങ്ങളുടെ ഏറ്റുമുട്ടൽ കൂടിയാണ്; ലയണൽ മെസിയുടെയും കിലിയൻ എംബാപ്പെയുടേയും. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിലെ മുന്നേറ്റനിരയിലെ കുന്തമുനകളാണ് ഇരുവരും. ലോകകപ്പിൽ അഞ്ചുഗോത്തുകൾ വീതം നേടി മികച്ച ഫോമിലാണ് മെസിയും എംബാപ്പെയും. പാരീസിനായി എംബാപ്പെയ്ക്ക് ഗോളടിക്കാൻ പന്തെത്തിക്കുന്ന മെസിക്ക് കൂട്ടുകാരന്റെ വേഗത്തിന് തടയിടാനാകുമോ എന്നാണ് അറിയേണ്ടത്. എംബാപ്പെയെ അനങ്ങാൻ അനുവദിക്കാതെ പൂട്ടിയ മൊറോക്കോ പ്രതിരോധത്തിൽ നിന്ന് മെസിക്കും സംഘത്തിനും പഠിക്കാൻ ഏറെയുണ്ട്. മെസി എന്ന ഇതിഹാസം ലോകകപ്പ് നേട്ടം എന്ന പൂർണതയ്ക്കായി ശ്രമിക്കുമ്പോൾ ഒരു സുഹൃത്ത് എന്ന നിലയിൽ അത് എംബാപ്പെയെ വേദനിപ്പിക്കുന്നുണ്ടാവാം.പക്ഷേ രാജ്യത്തിന്റെ കുപ്പായത്തിൽ കളിക്കാനിറങ്ങുമ്പോൾ മറ്റൊരു ചിന്തകൾക്കും മനസിൽ ഇടമുണ്ടാവില്ല.

മെസിയും എംബാപ്പെയും മാത്രമല്ല പാരീസ് എസ്.ജിയുടെ അഷ്റഫ് ഹക്കീമി (മൊറോക്കോ), നെയ്മർ, മാർക്വിഞ്ഞോസ് (ബ്രസീൽ ), കെയ്ലർ നവാസ്(കോസ്റ്റാറിക്ക),സോളർ,സരാബിയ(സ്പെയ്ൻ),ഡാനിലോ പെരേര(പോർച്ചുഗൽ )തുടങ്ങിയവരും ഈ ലോകകപ്പിൽ വിവിധ ടീമുകളിലായി കളിച്ചു.

1

ലോകകപ്പ് ഫൈനലിൽ ആദ്യമായാണ് ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടുന്നത്.

6

അർജന്റീന ഫൈനലിൽ എത്തുന്നത് ആറാം തവണ.

2

തവണയാണ് കിരീടം നേടാനായത്. (1978,1986 )

4

ഫ്രാൻസ് ഫൈനലിലെത്തുന്നത് നാലാം തവണ

2

തവണ അവർ കിരീ‌ടം നേടിയിട്ടുണ്ട്.(1998,2018).2006ൽ മാത്രമാണ് ഫൈനലിൽ തോറ്റത്.

6-3-3

ഫ്രാൻസും അർജന്റീനയും തമ്മിൽ ഇതിന് മുമ്പ് 12 മത്സരങ്ങളിൽ ഏറ്റുമുട്ടി.ആറു വിജയങ്ങൾ അർജന്റീനയ്ക്ക്. മൂന്ന് വിജയങ്ങൾ ഫ്രാൻസിന്. മൂന്ന് സമനിലകൾ.

ലോകകപ്പുകളിലെ അർജന്റീന - ഫ്രാൻസ് പോരാട്ടങ്ങൾ

3 തവണയാണ് അർജന്റീനയും ഫ്രാൻസും ലോകകപ്പിൽ ഏറ്റുമുട്ടിയത്. 1930,1978,2018 ലോകകപ്പുകളി ലായിരുന്നു ഈ പോരാട്ടങ്ങൾ. ഇതിൽ1930ലും 78ലും ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന ജയിച്ചു.2018ലെ പ്രീ ക്വാർട്ടറിൽ ഫ്രാൻസ് വിജയിച്ചു.

1930

അർജന്റീന -1

ഫ്രാൻസ് -0

(81-ാം മിനിട്ടിൽ മോണ്ടി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം)

1978

അർജന്റീന -2

ഫ്രാൻസ് -1

(45-ാം മിനിട്ടിൽ പാസെറല്ല പെനാൽറ്റിയിലൂടെ നേടിയ ഗോളിന് അർജന്റീന മുന്നിൽ .60-ാം മിനിട്ടിൽ മിഷേൽ പ്ളാറ്റിനി ഫ്രാൻസിനെ സമനിലയിലെത്തിച്ചു.73-ാം മിനിട്ടിൽ ലൂക്കെയുടെ ഗോളിൽ അർജന്റീനയുടെ ജയം)

2018

ഫ്രാൻസ് -4

അർജന്റീന-3

(13-ാം മിനിട്ടിൽ ഗ്രീസ്മാൻ പെനാൽറ്റിയിലൂടെ ഫ്രാൻസിനെ മുന്നിലെത്തിക്കുന്നു.41-ാം മിനിട്ടിൽ ഡി മരിയയും 48-ാം മിനിട്ടിൽ മെർക്കാഡോയും ചേർന്ന് അർജന്റീനയ്ക്ക് ലീഡ് നൽകുന്നു.57-ാം മിനിട്ടിലെ പവാർഡിന്റെ ഗോളിലൂടെ കളി വീണ്ടും സമനിലയിൽ. 64,68 മിനിട്ടുകളിലെ എംബാപ്പെയുടെ വെടിയുണ്ട പോലുള്ള ഗോളുകൾ മെസിപ്പടയുടെ സ്വപ്നം തകർക്കുന്നു. 90-ാം മിനാട്ടിൽ അഗ്യുറോ ഒരു ഗോൾ കൂടി തിരിച്ചടിച്ചിട്ടും ഫലമുണ്ടായില്ല.)

Advertisement
Advertisement