മറക്കാനാവില്ല, മൊറോക്കോയെ

Thursday 15 December 2022 11:29 PM IST

സെമിയിൽ തോറ്റെങ്കിലും ചരിത്രം രചിച്ച് തലയുയർത്തി മടങ്ങുന്നു മൊറോക്കോയുടെ മാന്ത്രികർ

ഈ ലോകകപ്പിലെ മൊറോക്കോയുടെ മായാജാലം അവസാനിച്ചിരിക്കുന്നു. വമ്പന്മാരെ ഓരോന്നായി ചവിട്ടിത്തെറുപ്പിച്ച് യാഗ്വാശ്വത്തെപ്പോലെ പാഞ്ഞ മൊറോക്കോയ്ക്ക് ഒടുവിൽ സെമിഫൈനലിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസാണ് കടിഞ്ഞാണിട്ടത്. എന്നാൽ ഈ തോൽവിയിലും അവർക്ക് അഭിമാനിക്കാം. ഇന്നേവരെ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നെത്തിയ ഒരു ടീമിനും സാധിക്കാത്തത് നേടിയെടുത്താണ് അവർ മടങ്ങുന്നത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് സെമിഫൈനലിൽ കളിച്ച ആഫ്രിക്കൻ ടീം എന്ന നേട്ടവുമായി അവർ മടങ്ങുമ്പോൾ ബാക്കിയാവുന്ന അട്ടിമറിക്കഥകൾ ഒരു കാലത്തും ഫുട്ബാൾ ആരാധകരുടെ മനസിൽ നിന്ന് മായുകില്ല.

ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയവും നിലവിലെ റണ്ണർ അപ്പുകളായ ക്രൊയേഷ്യയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് പുറത്താവാനുള്ളവരുടെ പട്ടികയിലാണ് ലോകകപ്പിന് മുമ്പ് വിദ്ഗ്ധർ മൊറോക്കോയ്ക്ക് സ്ഥാനം നൽകിയിരുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോളടിക്കാൻ അനുവദിക്കാതെ സമനിലയിൽ തളച്ച അവരുടെ പ്രതിരോധവീര്യം ശ്രദ്ധിക്കപ്പെട്ടു. അടുത്തകളിയിൽ ബെൽജിയത്തിന്റെ പടക്കുതിരകൾ അവർക്ക് മുന്നിൽ പിടഞ്ഞുവീണപ്പോഴാണ് ആഫ്രിക്കൻ വീര്യത്തെക്കുറിച്ച് ലോകം കൂടുതൽ അന്വേഷിക്കാൻ തുടങ്ങിയത്. കാനഡയെയും തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമന്മാരാണ് അവർ 20 വർഷത്തിന് ശേഷം പ്രീ ക്വാർട്ടറിലെത്തിയത്.

പ്രീ ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ സ്‌പെയിനിനും മൊറോക്കോയെ വീഴ്ത്താനായില്ല. മത്സരത്തിലുടനീളം പന്ത് കൈവശം വെച്ച് ആധിപത്യം പുലർത്തിയത് സ്‌പെയിനായിരുന്നു. പക്ഷേ ഗോളടിക്കാതെ ജയിക്കാനാവില്ലെന്ന് സ്പെയ്നിനെ ബോധ്യപ്പെടുത്തി മൊറോക്കോ കളി ഷൂട്ടൗട്ടിലെത്തിച്ചു. അവിടെ സ്‌പെയിനിന് കാലിടറി. ഒറ്റ കിക്ക് പോലും ഗോളാക്കാനാവാതെ സ്‌പെയിൻ ഷൂട്ടൗട്ടിൽ തകർന്നടിഞ്ഞു. രണ്ട് മികച്ച സേവുകളുമായി ഗോൾകീപ്പർ ബോനോ മൊറോക്കോയുടെ ഹീറോയായി മാറി. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായായിരുന്നു മൊറോക്കോ ക്വാർട്ടറിലെത്തിയത്. 1998ൽ നൈജീരിയക്കുശേഷം ലോകകപ്പിൽ സ്‌പെയിനിനെ പരാജയപ്പെടുത്തുന്ന ആഫ്രിക്കൻ രാജ്യം കൂടിമാണ് മൊറോക്കോ. ലോകകപ്പിന്റെ ക്വാർട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യം കൂടിയായിയിരുന്നു അവർ. 1990-ൽ ക്വാർട്ടറിലെത്തി കാമറൂണാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 2002ൽ സെനഗലും 2010ൽ ഘാനയും ലോകകപ്പിന്റെ ക്വാർട്ടറിലെത്തി. എന്നാൽ ഇവർക്കാർക്കും കഴിയാത്തത് ഇത്തവണ ക്വാർട്ടറിൽ വിജയിച്ച് മൊറോക്കോ ചരിത്രം കുറിച്ചു. ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിനെതിരെ ആദ്യ പകുതിയിൽത്തന്നെ ഗോളടിക്കുകയും ആ കുറ്റിയിൽ പറങ്കികളെ കെട്ടിയിടുകയും ചെയ്താണ് മൊറോക്കോ അവസാന നാലിലേക്ക്എത്തിയത്.

വലീദ് ,മൊറോക്കോയുടെ ആശാൻ

മൊറോക്കോയുടെ ഈ മാന്ത്രികക്കുതിപ്പിന് പിന്നിൽ മന്ത്രവടിയുമായി നിന്നത് വലീദ് റെഗ്രാഗുയി എന്ന യുവ പരിശീലകനായിരുന്നു. പരിശീലക സ്ഥാനം ഏറ്റെടുത്ത നൂറ് ദിവസം തികയും മുന്നേയാണ് വലീദ് മൊറോക്കൻ ടീമിനെ സെമിയിലെത്തിച്ചത്. ലോകകപ്പ് സെമിയിൽ ടീമിനെ എത്തിക്കുന്ന ആഫ്രിക്കക്കാരനായ ആദ്യ പരിശീലകനും വലീദാണ്.ഈ വർഷം ഓഗസ്റ്റ് 31നാണ് വാലിദ് ഹാലിൽഹോസിച്ചിന് പകരക്കാരനായി റെഗ്രാഗുയി മൊറോക്കോയുടെ പരിശീലക സ്ഥാനം ഏറ്രെടുത്തത്.

ദേശീയ ടീമിന്റെ പരിശീലകനാകുന്നതിന് മുമ്പ് മൊറോക്കൻ ക്ലബ് അൽ വിദാദ് അത്‌ലറ്റിക്സിന്റെ പരി

ശീലകനായിരുന്നു റെഗ്രാഗുയി. വിദാദിനെ മൊറോക്കൻ ദേശീയ ലീഗ് ചാമ്പ്യൻമാരും ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമാക്കിയാണ് റെഗ്രാഗുയി ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ടീമുമായി ഉടക്കി വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ താരം ഹക്കിം സിയേഷിനെ തിരികെ കൊണ്ടുവരികയാണ് റെഗ്രഗുയി ആദ്യം ചെയ്തത്. ടീമിൽ ഒത്തിണക്കത്തിന് അദ്ദേഹം വലിയ പ്രാധാന്യം നൽകി 1975 സെപ്തംബർ 23ന് ഫ്രാൻസിൽ ജനിച്ച റെഗ്രാഗുയി റൈറ്റ് ബാക്കായി മൊറോക്കൻ ദേശീയ ടീമിനായി 2001 മുതൽ 2009 വരെ 45 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

മൊറോക്കൻ താരോദയങ്ങൾ

ലോക ഫുട്ബാളിന് എക്കാലവും ഒാർമിക്കാൻ ഒരു പിടി താരങ്ങളെയും സംഭാവന ചെയ്തിരിക്കുന്നു മൊറോക്കോ. അഷ്റഫ് ഹക്കീമിയും ഹക്കിം സിയേഷും ബൗഫലും യെൻ നസ്റിയും സായിസും അമ്രാബത്തും ഒനാഹിയുമൊക്കെ ആരാധകരുടെ ഇടംനെഞ്ചിൽ ഇടം നേടിക്കഴിഞ്ഞു. കളത്തിൽ മാത്രമല്ല പുറത്തും അവർ ഹൃദയം കവർന്നവരാണ്. മത്സരശേഷം ഗാലറിയിലേക്ക് ഓടിയെത്തി അമ്മയിൽ നിന്ന് മുത്തം വാങ്ങുന്ന ഹക്കീമിയും അമ്മയെക്കൂട്ടി ഗ്രൗണ്ടിലിറങ്ങി നൃത്തം വയ്ക്കുന്ന ബൗഫലും വിജയച്ചശേഷം ഗ്രൗണ്ടിൽ മുട്ടുകുത്തി നമസ്കരിക്കുന്ന ടീമംഗങ്ങളുമൊക്കെ എക്കാലവും നല്ല ഓർമ്മകളായുണ്ടാവും.

Advertisement
Advertisement