പെട്രോളിയം വിലവർദ്ധന: സംസ്ഥാനങ്ങളെ പഴിചാരി കേന്ദ്രമന്ത്രി

Friday 16 December 2022 12:00 AM IST

ന്യൂഡൽഹി: കേരളമടക്കം സംസ്ഥാനങ്ങൾ പെട്രോളിയം ഉത്പന്നങ്ങൾക്കുമേൽ അമിത മൂല്യവർദ്ധിത നികുതി ചുമത്തുന്നതാണ് പെട്രോളിയം വിലവർദ്ധന തുടരുന്നതിന് കാരണമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതകകാര്യ മന്ത്രി ഹർദീപ്‌സിംഗ്പുരി ലോക്‌സഭയിൽ പറഞ്ഞു. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയർന്നനിലയിൽ തുടരുന്നത് എന്തുകൊണ്ടാണെന്ന കെ. മുരളീധരൻ എം.പിയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്.

ഇന്ധന വില പിടിച്ചുനിറുത്താൻ കേന്ദ്രസർക്കാർ 2021 നവംബറിലും ഇക്കൊല്ലം മേയിലും എക്‌സൈസ് തീരുവ കുറച്ചകാര്യം മന്ത്രി ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങളും അതുപ്രകാരം മൂല്യവർദ്ധിത നികുതിയിൽ(വാറ്റ്) കുറവു വരുത്തി. എന്നാൽ കേരളം, പശ്‌ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, ജാർഖണ്ഡ് സംസ്ഥാനങ്ങൾ ഇപ്പോഴും അമിതമായ വാറ്റ് ഈടാക്കുന്നു. 32 രൂപ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളിലാണ് പെട്രോളിന് 100രൂപയ്‌ക്ക് മുകളിൽ വിലയുള്ളത്. 17 രൂപ വാറ്റ് ഉള്ള സംസ്ഥാനങ്ങളിൽ 8-10 രൂപ കുറവാണ്.

Advertisement
Advertisement