കാലിത്തൊഴുത്തിനും ലിഫ്റ്റിനും പിന്നാലെ ക്ലിഫ് ഹൗസിലെ നീന്തൽക്കുള നവീകരണത്തിന്റെ ചെലവും പുറത്ത്; ഖജനാവിൽ നിന്ന് പോയത് 31.92 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നീന്തൽക്കുളം നവീകരിക്കുന്നതിനായി ചെലവഴിച്ചത് 31.92 ലക്ഷം രൂപ. കെ പി സി സി സെക്രട്ടറി അഡ്വ. സി ആർ പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്.
2016 മേയ് മുതൽ നീന്തൽക്കുളത്തിനായി ചെലവഴിച്ച തുകയാണിത്. നീന്തൽക്കുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433രൂപയും ചെലവഴിച്ചു. വാർഷിക നവീകരണത്തിനായി ആറ് ലക്ഷത്തോളം രൂപയും അനുവദിച്ചിട്ടുണ്ട്.
നേരത്തെ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് സ്ഥാപിക്കാനും കാലിത്തൊഴുത്ത് നിർമിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ലിഫ്റ്റിന് കാൽക്കോടി രൂപ അനുവദിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ജൂണിൽ കാലിത്തൊഴുത്ത് നിർമ്മിക്കാൻ 42.90 ലക്ഷം രൂപയാണ് അനുവദിച്ചത്.