കേരളത്തെ ഡിസൈൻ ഹബ്ബാക്കും: സംസ്ഥാനനയം ഉടനെന്ന് മുഖ്യമന്ത്രി

Saturday 17 December 2022 3:06 AM IST

കൊച്ചി: കേരളത്തെ ഡിസൈൻ ഹബ്ബാക്കി മാറ്റാനുള്ള സംസ്ഥാന ഡിസൈൻനയം ഉടൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന 'കൊച്ചി ഡിസൈൻ വീക്ക്" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ, അന്തർദേശീയ വിദഗ്ദ്ധരുമായി ചർച്ചചെയ്തും പങ്കാളികളാക്കിയുമാകും നയം രൂപീകരിക്കുക. രാജ്യത്തിന്റെ ഭാവി സർഗാത്മക സമ്പദ്‌വ്യവസ്ഥയിലാണ് (ക്രിയേറ്റീവ് ഇക്കോണമി). ഇതിന്റെ സാദ്ധ്യതകൾ വിനിയോഗിക്കാൻ സമഗ്ര ഡിസൈൻനയം വേണം. ഡിസൈൻ തലസ്ഥാനമായി കേരളത്തെമാറ്റും. ആവശ്യമായ പ്രതിഭ, മികച്ച അന്തരീക്ഷം, സാമൂഹ്യസാംസ്‌കാരിക സാഹചര്യങ്ങൾ എന്നിവ കേരളത്തിനുണ്ട്. കെ- ഫോൺവഴി മുക്കിലും മൂലയിലുമെത്തുന്ന ഇന്റർനെറ്റ് സംവിധാനം, ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷം എന്നിവയാണ് മുതൽക്കൂട്ടെന്ന് അദ്ദേഹം പറഞ്ഞു.

വേൾഡ് ഡിസൈൻ കൗൺസിൽ ഓണററി ചെയർ പോള ഗസാർഡ്, വേൾഡ് ഡിസൈൻ കൗൺസിൽ അംഗം പ്രദ്യുമ്‌ന വ്യാസ്, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ഐ.എസ്.ഡി.സി എക്‌സിക്യുട്ടീവ് തെരേസ ജേക്കബ്‌സ്, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂളുകളിലും കോളേജുകളിലും ഡിസൈൻചിന്ത വർദ്ധിപ്പിക്കാൻ വേൾഡ് ഡിസൈൻ കൗൺസിൽ തയ്യാറാക്കിയ താത്പര്യപത്രം സർക്കാരിന് കൈമാറി.

ബോൾഗാട്ടി ഐലൻഡിൽ നടക്കുന്ന ഉച്ചകോടിയിൽ 21 വിഷയങ്ങളിൽ പാനൽചർച്ചകളും പ്രഭാഷണങ്ങളും നടക്കും. കേരളത്തിലെ സാദ്ധ്യതകൾ, കൊച്ചിയുടെ ഡിസൈൻ ഭാവി, സിനിമാ വ്യവസായത്തിലെ അന്താരാഷ്ട്രസാദ്ധ്യതകൾ തുടങ്ങിയവയാണ് വിഷയങ്ങൾ.

വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ, വേൾഡ് ഡിസൈൻ കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്‌സ് എന്നിവയുമായി ചേർന്നാണ് കൊച്ചി ഡിസൈൻവീക്ക് സംഘടിപ്പിക്കുന്നത്.

കേരള ബ്രാൻഡുമായി

ബന്ധിപ്പിക്കും: പി. രാജീവ്

ഡിസൈൻ മേഖലയെ മെയ്ഡ് ഇൻ കേരള ബ്രാൻഡുമായി ബന്ധിപ്പിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. മെച്ചപ്പെട്ട ഡിസൈനിലൂടെ ഉത്പന്നത്തിന്റെ ആവശ്യതക, മൂല്യം, മത്സരശേഷി എന്നിവ വർദ്ധിക്കും. വെളിച്ചെണ്ണ, കശുഅണ്ടി, കയർ മുതലായ കേരളീയ ഉത്പന്നങ്ങൾ ബ്രാൻഡിന് കീഴിൽ അവതരിപ്പിക്കും. ഇവയുടെ വില്പനയ്ക്കായി സർക്കാരിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement