കേരള സ്‌റ്റാർട്ടപ്പുകളിൽ നിക്ഷേപം ₹4,500 കോടി

Saturday 17 December 2022 2:38 AM IST

തിരുവനന്തപുരം: കേരളത്തിലെ സ്‌റ്റാർട്ടപ്പുകൾ ഇതിനകം 4,546.50 കോടി രൂപ നിക്ഷേപം സമാഹരിച്ചെന്ന് കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ളോബൽ സംഗമത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. 2015ൽ 200 സ്റ്റാർട്ടപ്പുകളുണ്ടായിരുന്നു. പിന്നീട് 4,000 സ്‌റ്റാർട്ടപ്പുകൾ കൂടിയെത്തി. 2026നകം ലക്ഷ്യം 15,000 സ്റ്റാർട്ടപ്പുകളും രണ്ടുലക്ഷം തൊഴിലവസരങ്ങളുമാണ്.

മൊത്തം നിക്ഷേപത്തിന്റെ 66 ശതമാനവും നേടിയത് ഫിൻടെക്, സാസ് (സോഫ്‌റ്റ്‌വെയർ ആസ് എ സർവീസ്) സ്റ്റാർട്ടപ്പുകളാണ്. ഹെൽത്ത്‌കെയർ (26.7 ശതമാനം),ഡീപ് ടെക് (4.6 ശതമാനം), ട്രാൻസ്‌പോർട്ട് ടെക് (2.9 ശതമാനം) എന്നിവയും മികച്ച നിക്ഷേപം നേടി. കേരളം ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പുകളിലെ വെഞ്ച്വർ കാപിറ്റൽ നിക്ഷേപം 32 മില്യൺ ഡോളറാണ്.

ഹാർഡ്‌വെയർ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് കേരളത്തിൽലാണ് കൂടുതലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2014 മുതൽ കേരളത്തിലെ ഹാർഡ്‌വെയർ ഉത്പന്ന, സേവന സ്റ്റാർട്ടപ്പുകൾ 15.2 ദശലക്ഷം ഡോളർ നേടി. സർക്കാർ വകുപ്പുകളിലേക്ക് സ്റ്റാർട്ടപ്പുകളിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് വാങ്ങുന്ന ആദ്യ സംസ്ഥാനമാണ് കേരളം.