നിക്ഷേപം കൊഴിഞ്ഞ് സ്വർണ ഇ.ടി.എഫ്

Saturday 17 December 2022 3:04 AM IST

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഗോൾഡ് ഇ.ടി.എഫുകളിൽ നിന്ന് വീണ്ടും നിക്ഷേപം കൊഴിയുന്നു. സ്വർണ എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഗോൾഡ് ഇ.ടി.എഫ്) നിന്ന് 195 കോടി രൂപയാണ് കഴിഞ്ഞമാസം കൊഴിഞ്ഞത്. സെപ്തംബറിൽ 330 കോടി രൂപയും ഒക്‌ടോബറിൽ 147 കോടി രൂപയും നിക്ഷേപം ലഭിച്ചിരുന്നു.

ആഗസ്‌റ്റിൽ 38 കോടി രൂപ കൊഴിഞ്ഞശേഷം കഴിഞ്ഞമാസമാണ് വീണ്ടും നിക്ഷേപ നഷ്‌ടമുണ്ടാകുന്നതെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി. മികച്ച വിലയുടെ അടിസ്ഥാനത്തിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും വിവാഹ സീസണിന്റെ പശ്ചാത്തലത്തിൽ സ്വന്തം ആവശ്യങ്ങൾക്കായി നിക്ഷേപകർ നിക്ഷേപം പിൻവലിച്ചതുമാണ് നവംബറിലെ ഇടിവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 2022ൽ ഇതുവരെ 1,121 കോടി രൂപ നിക്ഷേപമാണ് ഗോൾഡ് ഇ.ടി.എഫുകൾ നേടിയത്.

മൊത്തം ആസ്തിയിൽ മുന്നേറ്റം

നിക്ഷേപം കൊഴിയുകയാണെങ്കിലും ഗോൾഡ് ഇ.ടി.എഫിൽ മ്യൂച്വൽഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (എ.യു.എം) ഒക്‌ടോബറിലെ 19,882 കോടി രൂപയിൽ നിന്നുയർന്ന് 20,883 കോടി രൂപയായിട്ടുണ്ട്. മൊത്തം പോർട്ട്ഫോളിയോകളുടെ (നിക്ഷേപ അക്കൗണ്ടുകൾ) എണ്ണം 11,800 വർദ്ധിച്ച് 46.8 ലക്ഷത്തിലുമെത്തി.

നിക്ഷേപവഴി

(തുക കോടിയിൽ)

 ആഗസ്‌റ്റ് : -₹38

 സെപ്തംബർ : ₹330

 ഒക്‌ടോബർ : ₹147

 നവംബർ : -₹195