റിസർവ് ബാങ്ക് അപ്പർലെയർ: നേട്ടമാകുമെന്ന് മുത്തൂറ്റ് ഫിനാൻസ്

Saturday 17 December 2022 3:14 AM IST

കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ (എൻ.ബി.എഫ്.സി) അപ്പർലെയർ എൻ.ബി.എഫ്‌.സികളായി തരംതിരിക്കുന്ന റിസർവ് ബാങ്കിന്റെ ചട്ടം കൂടുതൽ പ്രവർത്തനസൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് സ്വർണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് അഭിപ്രായപ്പെട്ടു. റിസർവ് ബാങ്ക് പ്രഖ്യാപിച്ച പട്ടിക പ്രകാരം ഉയർന്ന തട്ടിലുള്ള 16 എൻ.ബി.എഫ്‌.സികളിൽ മുത്തൂറ്റ് ഫിനാൻസുമുണ്ട്.

ആധാർ നിയമത്തിന് കീഴിലുള്ള ഓതന്റിക്കേഷൻ നടത്താൻ സർക്കാരും റിസർവ് ബാങ്കും മുത്തൂറ്റ് ഫിനാൻസിനും മറ്റ് 42 സ്ഥാപനങ്ങൾക്കും അനുമതി നൽകി. ഉപഭോക്താവ് ഏതു ശാഖയിലെത്തിയാലും ബയോമെട്രിക് ആധാർ പ്രകാരം ഓതന്റിക്കേഷനിലൂടെ കെ.വൈ.സി പ്രക്രിയ വേഗം പൂർത്തിയാക്കാം. ഉയർന്ന തട്ടിലുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് കമ്പനിക്കും ഓഹരിയുടമകൾക്കും അംഗീകാരമാണെന്ന് മുത്തൂറ്റ് ഫിനാൻസ് ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം.ജോർജ് പറഞ്ഞു.

ഇതുവരെ 95 ലക്ഷം ഡിജിറ്റൽ ഇടപാടുകൾ മുത്തൂറ്റ് കൈകാര്യം ചെയ്തു, 8,000 കോടി രൂപയാണ് മൂല്യം. 'ഐ മുത്തൂറ്റ്" ആപ്പ് വഴി സ്വർണപ്പണയ വിതരണവും തിരിച്ചടയ്ക്കലുകളും ഡിജിറ്റൽ ഇടപാടുകളിൽ ഉൾപ്പെടുന്നു. ഐ മുത്തൂറ്റ് ആപ്പ് 10 ലക്ഷത്തിലേറെ ഡൗൺലോഡുകൾ പിന്നിട്ടു. സ്വർണപ്പണയ ഇടപാടുകളുടെ 40 ശതമാനം ഓൺലൈനിലാണ്. ഡിജിറ്റൽ ഇടപാടുകളിൽ ഗണ്യമായ വർദ്ധന നേടിയതായി എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഒ.ഒയുമായ കെ.ആർ.ബിജിമോൻ പറഞ്ഞു.