ജന.ആശുപത്രി വയോജന ബ്ലോക്ക് 5 മാസത്തിനകം

Saturday 17 December 2022 12:39 AM IST
നിർമ്മാണം പൂർത്തിയാകുന്ന എൽഡേർലി ബ്ലോക്ക്‌

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ എൽഡേർലി ബ്ലോക്കിന്റെ (വയോജന ബ്ലോക്ക്) അഞ്ച് മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ. മൂന്ന് മാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. കരാർ പ്രകാരം ഏഴ് മാസം ബാക്കി നിൽക്കെയാണ് നിർമ്മാണം പൂർത്തിയാകുന്നത്.

മൂന്ന് നില കെട്ടിടത്തിൽ ഒരു നിലയിൽ 15 വീതം ആകെ 45 ബെഡ്ഡുകളാണാുള്ളത്. നഴ്സസ് റൂം, വെയിറ്റിംഗ് റൂം, ഓക്സിജൻ സൗകര്യങ്ങൾ, ലിഫ്റ്റ്, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ എന്നീ സൗകര്യങ്ങളുമുണ്ടാകും. വയോധികർക്ക് എളുപ്പത്തിൽ കൂടുതൽ പരിചരണം ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കെട്ടിട നിർമ്മാണം.

എം.എൽ.എയായിരുന്ന കാലത്ത് ഹൈബി ഈഡൻ എം.പിയാണ് വയോജന ബ്ലോക്ക് എന്ന ആശയം മുന്നോട്ടുവെച്ചത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 1.98 കോടി രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. റെയിൽവേ സ്റ്റേഷനുകളിലും മറ്റുമായി എത്തിപ്പെടുന്നവരും ആശ്രയത്തിന് ആരുമില്ലാത്തവരും ഉപേക്ഷിക്കപ്പെട്ടവരുമായ വൃദ്ധർക്ക് എൽഡേർലി ബ്ലോക്കിൽ ചികിത്സയൊരുക്കും.

പഴയ ഐസൊലേഷൻ ബ്ലോക്ക് വൃദ്ധരെയും തെരുവിൽ കഴിയുന്നവരെയും പാർപ്പിക്കുന്ന കെട്ടിടം ജീർണാവസ്ഥയിലായതോടെ 2019 അവസാനമാണ് പൊളിച്ചത്. സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ളവ കെട്ടിട നിർമ്മാണത്തിനായി പൊളിച്ചുനീക്കി. കൊവിഡ് മൂലം പൊളിക്കലും നിർമ്മാണവും വൈകിയതു മാത്രമായിരുന്നു വെല്ലുവിളി.

നിർമ്മാണം വളരെ വേഗം പൂർത്തിയാകുന്നതിൽ ഒരുപാട് സന്തോഷം. ഇത്രവേഗം പണി പൂർത്തിയാകുമെന്ന് വിചാരിച്ചിരുന്നില്ല. ഹൈബി ഈഡൻ എം.പി

ആകെ നില- മൂന്ന് ആകെ ബെഡ്- 45

സൗകര്യങ്ങൾ നഴ്സസ് റൂം വെയിറ്റിംഗ് റൂം ഓക്സിജൻ സൗകര്യങ്ങൾ ലിഫ്റ്റ്

എസ്റ്റിമേറ്റ് തുക- 1.98 കോടി