ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: കൊച്ചിയിൽ 503 വിദ്യാർത്ഥികൾ

Saturday 17 December 2022 12:54 AM IST

കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ കൊച്ചി കേന്ദ്രത്തിന് കീഴിലെ മഹാരാജാസ് കോളേജ് ലേണേഴ്സ് സപ്പോർട്ട് സെന്ററിൽ രജിസ്റ്റർ ചെയ്തത് 503 വിദ്യാർത്ഥികൾ. കൊച്ചി കേന്ദ്രത്തിന്റെ തന്നെ കീഴിലെ നാട്ടകം ഗവ. കോളേജിൽ നൂറിൽപ്പരംപേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യൂണി​വേഴ്സി​റ്റി​യുടെ പ്രഥമ ബാച്ചുകളി​ൽ ആകെ 5950 പേരാണ് രജി​സ്റ്റർ ചെയ്തി​ട്ടുള്ളത്.

ഡിസംബർ 24ന് മഹാരാജാസ് കോളേജിൽ കൗൺസലിംഗും ഇൻഡക്ഷൻ പ്രോഗ്രാമും ആദ്യ ക്ളാസുകളും നടക്കും. അന്ന് സ്റ്റഡി മെറ്റീരിയലുകളും വിതരണം ചെയ്യും.

മഹാരാജാസ് കേന്ദ്രത്തിൽ ആലപ്പുഴ മുതൽ മലപ്പുറം വരെയുള്ളവർ പഠിതാക്കളാണ്. വി​ദ്യാർത്ഥി​കളി​ൽ 20 വയസ് മുതൽ 60 വയസുവരെയുള്ളവരുണ്ട്. ബി​.എ സംസ്കൃതത്തി​ന് ആറുപേരും ഹി​ന്ദി​ക്ക് ഏഴുപേരും മാത്രമാണ് എൻറോൾ ചെയ്തി​ട്ടുള്ളത്. മലയാളം, ഹി​ന്ദി​, അറബി​ എന്നി​വയിൽ ഓരോന്നിനും നൂറിലധികംപേരുണ്ട്.

ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് കോൺടാക്ട് ക്ളാസുകൾ. മഹാരാജാസിലെ ഏഴ് ക്ളാസ് മുറികളാണ് കോൺടാക്ട് ക്ളാസുകൾക്ക് ഉപയോഗിക്കുക. രാവിലെ 9.30 മുതൽ 4 വരെയാണ് ക്ളാസ്. മഹാരാജാസിലെ അദ്ധ്യാപകരാണ് കൂടുതൽ ക്ളാസെടുക്കുക. മറ്റ് കോളേജുകളിലെ അദ്ധ്യാപകരും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും ഫാക്കൽറ്റി പാനലിലുണ്ട്. ഫസ്റ്റ് സെമസ്റ്റർ ഡിഗ്രിക്കാർക്ക് 66 മണി​ക്കൂറും പി.ജി​ക്കാർക്ക് 74 മണി​ക്കൂറും ക്ളാസുണ്ടാകും.

കൊച്ചി കേന്ദ്രത്തിന് കീഴിൽ എറണാകുളം, കോട്ടയം, ഇടുക്കി ആലപ്പുഴ ജില്ലകളാണുള്ളത്. മഹാരാജാസ് കോളേജും നാട്ടകം ഗവ. കോളേജുമാണ് ലേണേഴ്സ് സപ്പോർട്ട് സെന്ററുകൾ.

• സംസ്കൃതം, മലയാളം, ഹിന്ദി, ഇംഗ്ളീഷ്, അറബി ബി.എ കോഴ്സുകളും എം.എ മലയാളം, ഇംഗ്ളീഷ് കോഴ്സുകളുമാണ് പാഠ്യപദ്ധതിയിൽ

• എറണാകുളം, പട്ടാമ്പി​, കോഴി​ക്കോട്, തലശേരി​ എന്നി​വി​ടങ്ങളി​ലായി​ സംസ്ഥാനത്ത് നാല് പ്രാദേശിക കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങളിലൂടെയാണ് അഡ്മി​ഷൻ.

• യൂണിവേഴ്സിറ്റിയുടെ പ്രാദേശിക കേന്ദ്രം തൃപ്പൂണി​ത്തുറ ഗവ. കോളേജി​ലെ മൂന്നാം നി​ലയി​ലാണ്. ഫോൺ​: 9447419840, 0484 2927436. വെബ് സൈറ്റ്: www.sgou.ac.in